News

മിന്നല്‍ പ്രഹരമേറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം

തുടര്‍ച്ചയായി ആകാശത്ത്‌ മിന്നല്‍ പ്രഹരിച്ചപ്പോള്‍ മുടങ്ങിയത് ഒറീസയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം. മിന്നലും ശമ്പളവും തമ്മില്‍ എന്താ ബന്ധം എന്നാവും ഇപ്പോള്‍ പലരും ചിന്തിക്കുന്നത്. എന്നാല്‍ ബന്ധമുണ്ട്. മിന്നലേറ്റ് നാലുലക്ഷം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയത്.

ശക്തമായ മിന്നല്‍ പ്രഹരത്തില്‍ തകര്‍ന്നു പോയത് ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്‍റ് സിസ്റ്റത്തിന്‍റെ സെര്‍വറാണ്. ഇതിലാണ് ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച വിവരങ്ങളുള്ളത്. സെര്‍വര്‍ തകര്‍ന്നതോടെയാണ് ജീവനക്കാരുടെ ശമ്പള വിതരണം അവതാളത്തിലായത്.

മാര്‍ച്ച്‌ മാസത്തെ ശമ്പളമാണ് നല്‍കാനുള്ളതെന്ന് ഒറീസ ധനകാര്യ മന്ത്രി ശശി ഭൂഷണ്‍ ബെഹറ പറഞ്ഞു. സെര്‍വര്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും ശമ്പള വിതരണം വേഗത്തില്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ശമ്പളം മുടങ്ങിയതു കാരണം ക്ലാസ് മൂന്ന്, നാല് ജീവനക്കാര്‍ക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതായി ജീവനക്കാര്‍ പറഞ്ഞു.