Tech

ഫേഷ്യല്‍ റെക്കഗ്നിഷന്‍; ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്‍റെ പേരില്‍ ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി. ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു എന്നതാണ് ഫെയിസ്ബുക്കിനെതിരെയുള്ള കേസ്. അമേരിക്കയിലെ ക്ലാസ് ആക്ഷന്‍ സ്യൂട്ട് വഴി നല്‍കിയ പരാതിയിന്മേല്‍ ഇന്നലെയാണ് അമേരിക്കന്‍ ജില്ലാ ജഡ്ജി ജെയിംസ് ഡൊനാട്ടോ നിയമനടപടിയ്ക്ക് ഉത്തരവിട്ടത്.

ഒരാള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ അയാളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന ‘ടാഗ് സജഷന്‍’ സംവിധാനമാണ് കേസിനാധാരമായിരിക്കുന്നത്. 2011 ജൂണിലാണ് ഫെയ്‌സ്ബുക്ക് ‘ ടാഗ് സജഷന്‍’ ഫീച്ചര്‍ അവതരിപ്പിച്ചത്. അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളില്‍ ആരെല്ലാം ഉണ്ടെന്ന് കണ്ടെത്തുകയും അവരെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന സംവിധാനമാണിത്.

ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്നത് ഇല്ലിനോയിസ് സ്‌റ്റേറ്റ് നിയമത്തിന്‍റെ ലംഘനമാണെന്ന് കേസില്‍ ആരോപിക്കുന്നു. ശതകോടിക്കണക്കിന് ഡോളര്‍ വിലവരുന്ന നിയമപരമായ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചിട്ടുള്ളതെന്ന് ഫെയ്‌സ്ബുക്കിന് മനസിലായേക്കുമെന്നും ജഡ്ജ് ഉത്തരവില്‍ പറയുന്നു. എന്നാല്‍ കേസ് അടിസ്ഥാന രഹിതമാണെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു.

അടുത്തിടെയാണ് മറ്റാരെങ്കിലും തങ്ങളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ അക്കാര്യം ചിത്രത്തിലുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താവിനെ അറിയിക്കുന്ന സംവിധാനം ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്. ചിത്രങ്ങളുടെ ദുരുപയോഗം തടയുന്നതിനായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ സംവിധാനവും ഫെയിസ്ബുക്ക് അവതരിപ്പിച്ചത്.