Kerala

സുരക്ഷ കര്‍ശനമാക്കി വഞ്ചിവീടുകള്‍

വഞ്ചിവീടുകളില്‍ അപകടം ആവര്‍ത്തിക്കുന്നതിനാല്‍ സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്‍ വിളിച്ച യോഗത്തിലാണ് വഞ്ചിവീടുകളുടെ വിവിധ സംഘടനാപ്രതിനിധികള്‍ സുരക്ഷാസംവിധാനങ്ങള്‍ ശക്തമാക്കാമെന്ന് സമ്മതിച്ചത്.

വള്ളങ്ങളുടെ മുന്‍വശത്തെ ബെഞ്ചിലിരുന്നുള്ള യാത്രക്കിടെ കുട്ടികള്‍ വെള്ളത്തില്‍ വീഴുന്നത് തടയണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു. തുറമുഖവകുപ്പ് നല്‍കിയ സുരക്ഷാമാനദണ്ഡമനുസരിച്ച് തറനിരപ്പില്‍നിന്ന് ഒരുമീറ്റര്‍ വരെ ഉയരമുള്ള കമ്പിവേലിയാണ് നിലവില്‍ പല ബോട്ടുകള്‍ക്കുമുള്ളത്. ബെഞ്ച് ഘടിപ്പിച്ചു കഴിയുമ്പോള്‍ ഈ ഉയരം സീറ്റില്‍നിന്ന് കേവലം 40 സെന്റിമീറ്റര്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ കുട്ടികള്‍ സീറ്റില്‍നിന്നാല്‍ വഴുതി വെള്ളത്തില്‍ വീഴാന്‍ സാധ്യതയുണ്ട്.

അമ്മമാരുടെ കൈയില്‍നിന്ന് വഴുതിയും വെള്ളത്തില്‍ വീഴാം. ഈ അപകടം പരിഹരിക്കുന്നതിന് കമ്പിവേലിക്ക് ബെഞ്ച് നിരപ്പില്‍നിന്നുളള ഉയരം ഒരുമീറ്ററായി ഉയര്‍ത്താമെന്ന് സംഘടനാപ്രതിനിധികള്‍ സമ്മതിച്ചു. ആവശ്യമായ ക്രമീകരണം വരുത്താന്‍ പരമാവധി മൂന്നുമാസം അനുവദിച്ചു. വള്ള ഉടമകള്‍ക്ക് കാര്യമായ സാമ്പത്തികചെലവ് വരാതെ ഇക്കാര്യം നടപ്പില്‍ വരുത്താനും ധാരണയായി.

സഞ്ചാരികളുമായുള്ള യാത്രക്കിടെ വള്ളങ്ങളിലെ ജീവനക്കാര്‍ മദ്യപിക്കുന്നത് കര്‍ശനമായി തടയാനും തീരുമാനിച്ചു. ആവശ്യസന്ദര്‍ഭങ്ങളില്‍ പൊലീസ് പരിശോധന നടത്തുമെന്ന് പൊലീസ് മേധാവി അറിയിച്ചതിനോട് പ്രതിനിധികള്‍ പലരും യോജിച്ചില്ല. പരിശോധനക്ക് മാനദണ്ഡം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.

സിഐ മുതല്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധനയെന്ന നിര്‍ദേശം ഏവരും അംഗീകരിച്ചു. ജോലി സമയത്ത് മദ്യപിക്കുന്നവരെ പിടികൂടാനും ജീവനക്കാര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാനും തീരുമാനിച്ചു.

സുരക്ഷയുടെ ഭാഗമായി ലൈഫ്‌ബോയകളും ലൈഫ്ജാക്കറ്റുകളും വള്ളങ്ങളിലെല്ലാം ഉറപ്പുവരുത്തും. നിയമം അനുശാസിക്കുന്ന സുരക്ഷാസംവിധാനങ്ങള്‍ എന്തൊക്കെയാണെന്ന് സഞ്ചാരികളെ അറിയിക്കാന്‍ എല്ലാ വള്ളങ്ങളിലും ലാമിനേറ്റ് ചെയ്ത നോട്ടീസ് പതിപ്പിക്കും. നോട്ടീസ് ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളില്‍ തയ്യാറാക്കും.

നോട്ടീസ് വായിച്ച് മനസിലാക്കണമെന്ന് യാത്ര തുടങ്ങും മുമ്പ് തന്നെ സഞ്ചാരികളെ ബോധ്യപ്പെടുത്തണമെന്നും നിര്‍ദേശിച്ചു. യോഗത്തില്‍ വിവിധ വഞ്ചിവീട് സംഘടനകളെ പ്രതിനിധീകരിച്ച് ജോസുകുട്ടി ജോസഫ്, കെ വിജയന്‍, കെവിന്‍, ജോസി, ആര്‍ കെ വി വേണു, അനസ്, പോര്‍ട്ട് സര്‍വേയര്‍ സെബാസ്റ്റ്യന്‍, ഡിടിപിസി സെക്രട്ടറി മാലിന്‍ എന്നിവരും പങ്കെടുത്തു.