Hospitality

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങള്‍ മുഖം മിനുക്കുന്നു; വിപുല പദ്ധതിയുമായി ടൂറിസം വകുപ്പ്

കൊല്ലം ഗസ്റ്റ്‌ ഹൗസ്

ടൂറിസം വകുപ്പിന് കീഴിലുള്ള ഗസ്റ്റ് ഹൗസുകളും കേരളാ ഹൗസുകളും യാത്രി നിവാസുകളും മുഖം മിനുക്കുന്നു. സർക്കാർ ഗസ്റ്റ് ഹൗസിലെത്തുന്ന അതിഥികൾക്ക് മികച്ച സൗകര്യവും താമസവും ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഗസ്റ്റ് ഹൗസുകൾ റീബ്രാൻഡ് ചെയ്യുന്നത്.

പൗരാണിക മൂല്യമുള്ള കെട്ടിടങ്ങളുടെ പ്രാധാന്യം നിലനിർത്തിക്കൊണ്ടും, ആധുനിക സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഗസ്റ്റ് ഹൗസുകളുടെ ആവശ്യകത തിരിച്ചറിഞ്ഞുമാണ് ഇത് നടപ്പിലാക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ കേരളത്തിനകത്ത് 24 ഗസ്റ്റ് ഹൗസുകളും മുംബൈയിലും കന്യാകുമാരിയിലും ഓരോ കേരള ഹൗസുകളുമുണ്ട്.

ബ്രാൻഡിംഗ് ഓഫ് ഗസ്റ്റ് ഹൗസ് എന്ന പദ്ധതി പ്രകാരം സർക്കാർ ഗസ്റ്റ് ഹൗസുകളിൽ ഏകീകൃത സേവനം മികച്ച രീതിയിൽ ഉറപ്പാക്കുകയും അതിഥികൾക്കായി മെനുകാർഡ്, ഗസ്റ്റ് ഫോൾഡർ, ടേബിൾ മാറ്റ്, ഇന്റെണൽ ഡയറക്ടറി തുടങ്ങിയവയും ലഭ്യമാക്കും.ബ്രാൻഡിങ്ങിന്റെ ഭാഗമായി ഗസ്റ്റ് ഹൗസുകളില്‍ വൈ ഫൈ സേവനം ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം യാത്രി നിവാസ്, ദേവികുളം യാത്രി നിവാസ് എന്നിവിടങ്ങളിൽ ഓൺലൈൻ റിസർവേഷൻ സംവിധാനം ഉടൻ നടപ്പിലാക്കും.

 

പെരുമാറ്റത്തിലും പരിഷ്കാരം

പദ്ധതിയുടെ മറ്റൊരു സുപ്രധാന ഘട്ടം ജീവനക്കാർക്ക് പരിശീലനം നൽകുക എന്നതാണ്. അതിഥികൾക്ക് മെച്ചപ്പെട്ട സേവനവും പെരുമാറ്റവും ലഭ്യമാക്കുന്നതിന് വേണ്ടി ഗസ്റ്റ് ഹൗസുകളിലെ മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാർക്കാണ് പ്രത്യേക പരിശീലനം നൽകുന്നത്..

കന്യാകുമാരി കേരള ഹൗസിന് സമീപം യാത്രി നിവാസ് പണിയും.
ഗുരുവായൂരിൽ 51 മുറികളുള്ള ഗസ്റ്റ് ഹൗസ് നിർമ്മിക്കും.
തിരുവനന്തപുരം ഗസ്റ്റ് ഹൗസിന് അഡിഷണൽ ബ്ലോക്ക് നിർമ്മിക്കാനും പദ്ധതിയുണ്ട്. ശബരിമലയിൽ 18 മുറികളുള്ള യാത്രി നിവാസ് നിർമ്മാണം ഉടൻ ആരംഭിക്കും. ഇടുക്കിയിൽ 5 കോടി ചിലവിൽ 12 മുറികളുള്ള യാത്രി നിവാസ് സുൽത്താൻ ബത്തേരിയിൽ 20 കോടി രൂപ മുടക്കി 36 മുറികൾ അടങ്ങുന്ന ഗസ്റ്റ് ഹൗസ് എന്നിവയും നിര്‍മിക്കും.