Middle East

ദുബൈ ക്രൂസ് ടൂറിസം: ഇന്ത്യയ്ക്കും സാധ്യതകള്‍

ക്രൂസ് ടൂറിസത്തിന്‍റെ രാജ്യാന്തര ആസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന ദുബൈയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻവർധന. ഈ വർഷം ഏഴുലക്ഷം സഞ്ചാരികള്‍ ആർഭാട കപ്പലിൽ എത്തുമെന്നാണ് പ്രതീക്ഷ.

കൂടാതെ ദുബൈയില്‍ നിന്നും ഇന്ത്യയിലേക്കു കൂടുതൽ ക്രൂസ് ടൂറിസം പാക്കേജുകൾ തുടങ്ങുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലേക്കും പിന്നീട് മറ്റിടങ്ങളിലേക്കും സർവീസ് വ്യാപിപ്പിക്കാനാണ് പദ്ധതി. അബുദാബി വീക് വൻവിജയമാക്കിയ കൊച്ചിക്കും സാധ്യതയേറുകയാണ്.

ദക്ഷിണേന്ത്യയിൽ കൊച്ചിയിൽ ഈ മേള സംഘടിപ്പിച്ചത് കേരളത്തിലെ ടൂറിസം സാധ്യതകൾക്കുള്ള അംഗീകാരമാണ്. യുഎഇ ക്രൂസ് ടൂറിസം സീസണോട് അനുബന്ധിച്ച് ഇന്ത്യയിലെ വിവിധയിടങ്ങളിൽ നടത്തിയ റോഡ്ഷോകൾ വൻ വിജയമായിരുന്നു. ഈ രംഗത്തെ പ്രമുഖ രാജ്യാന്തര കമ്പനികളായ കോസ്റ്റ ക്രൂസസ്, എംഎസ് സി ക്രൂസസ്, റോയൽ കരീബിയൻ ക്രൂസസ് എന്നിവയുടെ സഹകരണത്തോടെ ബെംഗളൂരു, പുണെ, അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലായിരുന്നു ദുബായ് ടൂറിസത്തിന്‍റെ റോഡ് ഷോ.

ഒക്ടോബർ 25 മുതൽ ജൂൺ വരെ നീണ്ടുനിൽക്കുന്നതാണ് യുഎഇ ക്രൂസ് ടൂറിസം സീസൺ. കഴിഞ്ഞ സീസണിൽ ‍6.25 ലക്ഷത്തിലേറെ വിനോദസഞ്ചാരികൾ‍ കടൽയാത്ര നടത്തി. 2013 മുതൽ 2017 വരെ ദുബൈയിൽ 19 ലക്ഷത്തോളം ക്രൂസ് ടൂറിസ്റ്റുകൾ എത്തിയതായാണു കണക്ക്.  ദുബൈയില്‍ കപ്പലുകള്‍ അടുക്കുന്ന മിന റാഷിദ് ടെർമിനലിൽ ഡിപി വേൾഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. 20 ലക്ഷം ചതുരശ്രമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഇവിടെ ഏഴു കൂറ്റൻ ക്രൂസ് കപ്പലുകൾക്ക് അടുക്കാനാകും. 25000 യാത്രക്കാരെ ഉൾക്കൊള്ളാനാകും.

ലോകത്തെ ഏറ്റവും മികച്ച ക്രൂസ് തുറമുഖമായി തുടർച്ചയായ പത്താം തവണയും വേൾഡ് ട്രാവൽ അവാർഡ്സ് തിരഞ്ഞെടുത്തത് ഈ ടെർമിനലിനെയാണ്. 2020 ആകുമ്പോഴേക്കും പത്തുലക്ഷം സന്ദർശകരെ ആകർഷിക്കുകയാണ് ലക്ഷ്യമെന്ന് ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ സുൽത്താൻ അഹമ്മദ് ബിൻ സുലായെം പറഞ്ഞു. ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഇവിടെയുള്ളത്. യോട്ട് ഉടമകളുടെയും സഞ്ചാരികളുടെയും പ്രിയപ്പെട്ട കേന്ദ്രമാണിവിടമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.