Tech

പാസ്‌വേഡുകള്‍ മണ്‍മറയുമോ…?

സാങ്കേതിക വിദ്യകളുടെ യുഗത്തില്‍ എല്ലാ അക്കൌണ്ടുകളും താഴിട്ടു പൂട്ടുന്നത് പാസ്‌വേഡുകള്‍ കൊണ്ടാണ്. ഈ സങ്കീര്‍ണതകള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് പുതിയ വെബ് ഒതന്‍റിക്കേഷന്‍ സ്റ്റാന്‍റെര്‍ഡ്. ബയോമെട്രിക് വിവരങ്ങളും സ്മാര്‍ട്‌ഫോണ്‍ ഫിങ്കര്‍പ്രിന്‍റ് സ്‌കാനര്‍, വെബ്ക്യാം, സെക്യൂരിറ്റി കീ എന്നിവയുള്‍പ്പെടുന്നതാണ് പുതിയ തിരിച്ചറിയല്‍ രീതി.

ഫിഡോ (FIDO), വേള്‍ഡ് വൈഡ് വെബ് കണ്‍സോര്‍ഷ്യം (WwwC) വെബ് സ്റ്റാന്‍റെര്‍ഡ് ബോഡികളാണ് പുതിയ പാസ്വേഡ് ഫ്രീ പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ചത്. ഒന്നിലധികം പാസ്‌വേഡുകള്‍ ഓര്‍ത്തുവെക്കുന്നതിന് പകരം തങ്ങളുടെ ശരീരഭാഗങ്ങള്‍ അല്ലെങ്കില്‍ സ്വന്തമായുള്ള ഉപകരണങ്ങള്‍ എന്നിവ ഉപയോഗിച്ച് ബ്ലൂടൂത്തിലൂടേയോ യുഎസ്ബി അല്ലെങ്കില്‍ എന്‍എഫ്‌സി എന്നിവ ഉപയോഗിച്ചോ ആളുകള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ പറ്റും. ഈ രീതിയിലുള്ള സുരക്ഷ മറ്റൊരാള്‍ക്ക് മറികടക്കാന്‍ പ്രയാസമാണ്.

അതായത് ഒരു വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ ഒരാള്‍ തന്‍റെ യൂസര്‍ നെയിം നല്‍കുമ്പോള്‍ ഫോണില്‍ അറിയിപ്പ് ലഭിക്കുന്നു. ആ അറിയിപ്പിലെ ഒതന്‍റിക്കേഷന്‍ ടോക്കനില്‍ തൊടുമ്പോള്‍ വെബ്‌സൈറ്റ് ലോഗിന്‍ ആവും. ഓരോ തവണ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോഴും ഈ ഒതന്‍റിക്കേഷന്‍ ടോക്കന്‍ മാറിക്കൊണ്ടിരിക്കും. ഇങ്ങനെ ഒന്നിധികം മാര്‍ഗങ്ങള്‍ ഒന്നിച്ച് ചേര്‍ക്കുന്ന രീതിയാണ് പുതിയ സംവിധാനം.

ഗൂഗിള്‍, മൈക്രോ സോഫ്റ്റ്, മോസില്ല തുടങ്ങിയ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഈ സേവനം നല്‍കി വരുന്നുണ്ട്. ആളുകളുടെ സ്വകാര്യ വിവരങ്ങളുള്‍പ്പടെ അസംഖ്യം വിവരങ്ങള്‍ കുമിഞ്ഞുകൂടുന്ന വെര്‍ച്ച്വല്‍ ലോകത്ത് ആ വിവരങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ ഉറപ്പുള്ള വഴികള്‍ സ്വീകരിക്കേണ്ടത് ആവശ്യകതയാണ്. ഈ സാഹചര്യത്തിലാണ് വിവരങ്ങളുടെ സുരക്ഷയ്ക്ക് പുതിയ മാര്‍ഗങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്.