Kerala

കൃഷ്ണപുരം കൊട്ടാരം നവീകരണം അവസാനഘട്ടത്തില്‍

രാജസ്മരണകള്‍ ഇരമ്പുന്ന കൃഷ്ണപുരം കൊട്ടാരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ പുരാവസ്തു മ്യൂസിയം ഫണ്ട് വിനിയോഗിച്ചാണ് നിര്‍മാണം നടക്കുന്നത്.

ചുറ്റുമതില്‍, അടുക്കള എന്നിവയുടെ നവീകരണമാണ് പ്രധാനമായും നടക്കുന്നത്. മേല്‍ക്കൂരയുടെ ചോര്‍ച്ച പരിഹരിക്കുന്നതിനാവശ്യമായ നിര്‍മാണങ്ങളും നടക്കുന്നുണ്ട്. സുരക്ഷാ സംവിധാനം ഒരുക്കുന്നതിനായി 26 സിസിടിവി ക്യാമറകളും കൊട്ടാരത്തില്‍ സ്ഥാപിച്ചു. ക്യാമറക്ക് കണ്‍ട്രോള്‍ റൂമും തയാറാക്കി. 60 ലക്ഷം രൂപയാണ് വിനിയോഗിച്ചത്.

കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി കൊട്ടാരത്തിനുള്ളില്‍ സംഗീതം ആസ്വദിക്കാന്‍ സജ്ജീകരണമൊരുക്കി. പ്രത്യേക ലൈറ്റ് സംവിധാനങ്ങളും ഒരുക്കും. നവംബര്‍ 27 ന് ആരംഭിച്ച നവീകരണം ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കാനാകുമെന്ന് കൊട്ടാരം ചാര്‍ജ് ഓഫീസര്‍ കെ ഹരികുമാര്‍ പറഞ്ഞു. റവന്യു വകുപ്പിന്റെ കൈയിലായിരുന്ന കൊട്ടാരം 1960 ലാണ് പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നത്.

ഓടനാട്ടുരാജാക്കന്മാരുടെ ആസ്ഥാനമായിരുന്ന കൊട്ടാരത്തിന്റെ പഴക്കത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഇല്ലെങ്കിലും ഓടനാട് എന്നറിയപ്പെട്ട കായംകുളം രാജ വംശത്തിന്റെ ഭരണസിരാ കേന്ദ്രമായിരുന്നു കൃഷ്ണപുരം കൊട്ടാരം.

രാമയ്യന്‍ ദളവയുടെ കാലത്ത് പണികഴിപ്പിക്കുകയും അയ്യപ്പന്‍മാര്‍ത്താണ്ഡപ്പിള്ള നവീകരിച്ച് വിപുലമാക്കുകയും ചെയ്ത കൊട്ടാരം എന്നാണ് ചരിത്രരേഖ. തനി കേരളീയ വാസ്തുശില്‍പ്പരീതിയില്‍ പതിനാറുകെട്ടായാണ് കൊട്ടാരം നിര്‍മിച്ചിരിക്കുന്നത്. തിരുവിതാംകൂറിലെ പത്മനാഭപുരം കൊട്ടാരത്തിന്റെ ചെറിയപതിപ്പ് എന്നുതന്നെ പറയാം. കായംകുളം വാള്‍ അടക്കമുള്ള അത്യപൂര്‍വ്വ ചരിത്ര ശേഖരങ്ങള്‍ ക്യഷണപുരം കൊട്ടാരത്തില്‍ ഉണ്ട്. അഡ്വ.യു പ്രതിഭാഹരി എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൊട്ടാരത്തിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു.