Middle East

ഖത്തറില്‍ ടാക്സി ബുക്ക്‌ ചെയ്യാന്‍ ഖത്തർ ടാക്സി ആപ്പ്

ടാക്‌സി കാറുകൾ ബുക്ക് ചെയ്യാൻ ഖത്തർ ടാക്‌സി എന്നപേരിൽ പുതിയ മൊബൈൽ ആപ്ലിക്കേഷൻ. എൻജിനീയറിങ്‌, സാങ്കേതികവിദ്യ മേഖലയിലെ പ്രമുഖ കമ്പനിയായ അൽ ദാനയാണ്‌ ആപ്പ് പുറത്തിറക്കിയത്‌. ഉപഭോക്‌താക്കളുടെ വ്യക്‌തിവിവരങ്ങൾ ചോരാത്തവിധം സുരക്ഷിതമായാണ്‌ ആപ്പ് രൂപകൽപന ചെയ്‌തിരിക്കുന്നതെന്നു കമ്പനി അധികൃതർ പറയുന്നു.

കുറഞ്ഞ വാടകയിൽ സുരക്ഷിതവും വിശ്വസ്‌തവുമായ ടാക്‌സികൾ ഖത്തർ ടാക്‌സി ആപ്പ് മുഖേന ലഭ്യമാകുമെന്ന്‌ കമ്പനി സിഇഒ ഷെയ്‌ഖ്‌ ഹമദ്‌ അൽതാനി പറഞ്ഞു. ഖത്തറിലെ ആദ്യ സ്വദേശി ടാക്‌സി ആപ്പാണിത്‌. ആപ്പിൾ, ആൻഡ്രോയ്‌ഡ്‌ ഫോണുകളിൽ ആപ്പ് ലഭ്യമാണ്. ജനസംഖ്യ കൂടുന്നതിനാലും ഒട്ടേറെ വിദേശസഞ്ചാരികൾ എത്തുന്നതിനാലും ഖത്തറിൽ ടാക്‌സികൾക്ക്‌ ആവശ്യക്കാരേറുകയാണ്‌.

ഫിഫ ലോകകപ്പ്‌ ഫുട്‌ബോൾ മൽസരങ്ങളോടനുബന്ധിച്ച്‌ 2022 ആകുമ്പോഴേക്കും വിദേശസഞ്ചാരികളുടെ എണ്ണം വര്‍ധിക്കും. സ്വദേശികൾക്കും പ്രവാസി തൊഴിലാളികൾക്കും വിദേശ സഞ്ചാരികൾക്കും ടാക്‌സി ആപ്പ് ഏറെ സഹായകമാകുമെന്ന്‌ ഷെയ്‌ഖ്‌ ഹമദ്‌ പറഞ്ഞു. ആദ്യ സ്വദേശി ആപ്പാണെങ്കിലും രാജ്യാന്തര നിലവാരത്തിലാണ്‌ രൂപകൽപന. ഉപയോഗിക്കാൻ ഏറ്റവും എളുപ്പവുമാണ്‌. ഷെയ്‌ഖ്‌ ഹമദ്‌ കൂട്ടിച്ചേര്‍ത്തു.