Adventure Tourism

പറക്കും കപ്പില്‍ ദുബൈ നഗരം ചുറ്റാം

ദുബൈ ജെ.ബി.ആറില്‍ തുടങ്ങിയിരിക്കുന്ന ‘പറക്കും കപ്പാ’ണ് ഇപ്പോള്‍ ദുബൈയിലെ താരം. സാഹസികതയിലും വിനോദത്തിനും പുതിയ പരീക്ഷണങ്ങള്‍ നടത്തുന്ന നഗരമാണ് ദുബൈ. അതുകൊണ്ടുതന്നെ സാഹസികരായ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദുബൈ ഒരുക്കിയ താരമാണ് പറക്കും കപ്പ്.

40 മീറ്റര്‍ ഉയരത്തില്‍ തൂങ്ങിക്കിടക്കുന്ന പറക്കും കപ്പ് സന്ദര്‍ശകര്‍ക്ക് ദുബൈയുടെ നഗരസൗന്ദര്യം സാഹസികമായി കാണാന്‍ അവസരമൊരുക്കുന്നു. പറക്കും കപ്പില്‍, കപ്പിന്‍റെ ആകൃതിയില്‍ വട്ടത്തില്‍ കസേരകള്‍ ഘടിപ്പിച്ചിരിക്കുന്നു. സീറ്റിലിരുന്നശേഷം ബെല്‍റ്റ് ധരിക്കുക. കസേരയ്ക്കു താഴെ കാലുകള്‍ വായുവിലേക്ക് തൂക്കിയാണിരിപ്പ്. പതുക്കെ കപ്പ് മുകളിലേക്ക് ഉയരും. ഏറ്റവുംമുകളില്‍ ചെന്ന് നില്‍ക്കും. അവിടെയെത്തിയാല്‍ ജ്യൂസോ ലഘുഭക്ഷണമോ കഴിക്കാം. നഗരസൗന്ദര്യം ആസ്വദിക്കാം. ഇഷ്ടംപോലെ സെല്‍ഫിയുമെടുക്കാം.

രാവിലെ 10 മുതല്‍ രാത്രി പന്ത്രണ്ടര വരെയാണ് കപ്പിന്‍റെ പറക്കല്‍ സമയം. കുട്ടികള്‍ക്ക് 60 ദിര്‍ഹവും മുതിര്‍ന്നവര്‍ക്ക് 80 ദിര്‍ഹവുമാണ് പറക്കും കപ്പില്‍ കയറാന്‍ നല്‍കേണ്ട ചാര്‍ജ്.