America

അമേരിക്കയില്‍ മലയാളി കുടുംബത്തെ കാണാതായി

അമേരിക്കയിലെ കലിഫോർണിയയിൽ നാലംഗ മലയാളി കുടുംബത്തെ കാണാതായി. സൂറത്തിൽ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളിയെയും കുടുംബത്തെയുമാണു കാണാതായത്. കഴിഞ്ഞ ബുധനാഴ്ച പോർട്ട്ലൻഡിലേക്കു വിനോദയാത്ര പോയതായിരുന്നു കുടുംബം.
ലോസാഞ്ചത്സിനു സമീപം സാന്റാ ക്ലാരിറ്റയില്‍ യൂണിയന്‍ ബാങ്കില്‍ വൈസ് പ്രസിഡണ്ട് ആണ് സന്ദീപ് തോട്ടപ്പിള്ളി (42) ഭാര്യ സൗമ്യ (38) മക്കളായ സിദാന്ത് (12) സച്ചി (9)എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.നാലു ദിവസമായി ഇവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി..

കാലിഫോര്‍ണിയയില്‍ നിന്നു ഓറിഗണിലെ പോര്‍ട്ട്‌ലന്‍ഡിലേക്ക് ചുവപ്പു ഹോണ്ടാ പെലറ്റില്‍ ഓടിച്ച് വന്ന ശേഷം മടങ്ങിയതാണ്. ഈ മാസം നാലാം തീയതി കാലിഫോണിയയിലെ ക്ലമാത്തിലെ ഹോളിഡേ ഇന്‍ എക്‌സ്പ്രസില്‍ താമസിച്ചു. ആറിനു വ്യാഴാഴ്ച ചെക്ക് ഔട്ട് ചെയ്ത ശേഷം വിവരമൊന്നുമില്ലെന്നു ടെക്‌സസിലുള്ള ബന്ധു അനൂപ് വിശ്വംഭരന്‍ പറഞ്ഞു.

അനുപും ഭാര്യയും സാന്‍ ഫ്രാന്‍സിസ്‌കോയില്‍ എത്തിയിട്ടുണ്ട്. സന്ദീപിന്റെ സഹോദരന്‍ സച്ചിനും കാനഡയില്‍ നിന്നെത്തി.

ആറാം തീയതി രാത്രി സാനോസെയിലുള്ള ബന്ധു കമലിന്റെ വീട്ടില്‍ ഡിന്നറിനു എത്തുമെന്നാണു പറഞ്ഞിരുന്നത്. ക്ലമാത്തില്‍ നിന്ന് ഏഴര മണിക്കൂറേയുള്ളു സാനോസെയ്ക്ക്. ഡിന്നറിനു ശേഷം അവിടെ തങ്ങാതെ ഹോട്ടലിലേക്കു പോകാനായിരുന്നു പരിപാടി.

എന്നാല്‍ അര്‍ദ്ധരാത്രി വരെ കാത്തിരുന്നിട്ടും അവര്‍ എത്തിയില്ല. വിളിച്ചിട്ടും കിട്ടാതായതോടെയാണു സാനോസെ പോലീസില്‍ ഐ.ടി ഉദ്യോഗസ്ഥനായ കമല്‍ പരാതി നല്‍കിയത്. നാട്ടിലെ വീട്ടില്‍ വല്ല വിവരവുമുണ്ടോ എന്നും വിളിച്ചു ചോദിച്ചിരുന്നു.

ഗുജറാത്തിലെ സൂറിച്ചിലാണു സന്ദീപിന്റെ കുടുംബം. സൗമ്യ കൊച്ചി സ്വദേശിയാണ്. 12 വര്‍ഷമായി അമേരിക്കയിലെത്തിയിട്ട്.

ഇരുവരുടെയും മാതാപിതാക്കള്‍ നാട്ടിലാണ്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടുക: 813-616-3091.

സംഭവറിഞ്ഞപ്പോള്‍ മുതല്‍ സഹായവുമായി ഫോമാ നേതാവ് സാജു ജോസഫ് സജീവമായി രംഗത്തുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ്, കോണ്‍ഗ്രസ്മാന്‍ റോ ഖന്ന, സാനോസെ മേയറുടെ ഓഫീസ് തുടങ്ങിയവയുമായി സാജു ബന്ധപ്പെട്ടു. അന്വേഷണം കാര്യക്ഷമമാക്കാന്‍ എല്ലാ സഹായവും അവര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.