Kerala

സൂപ്പര്‍ എസി എക്‌സ്പ്രസുകള്‍ പരിഷ്‌ക്കരിക്കുന്നു

തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ എസി എക്‌സ്പ്രസ് ഉള്‍പ്പെടെ എട്ടു ട്രെയിനുകളില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കോച്ചുകള്‍ വരും. റെയില്‍വേയുടെ ഉല്‍കൃഷ്ഠ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് എട്ട് എക്‌സ്പ്രസ് ട്രെയിനുകളെ സൂപ്പറാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിലെ ഒന്നോ രണ്ടോ കോച്ചുകളിലാണ് ആദ്യഘട്ടത്തില്‍ കൂടുതല്‍ സൗകര്യമുണ്ടാകുക. പിന്നീട് കൂടുതല്‍ ട്രെയിനുകളിലേക്ക് ഇതു വ്യാപിപ്പിക്കും. മെച്ചപ്പെട്ട സൗകര്യങ്ങളേര്‍പ്പെടുത്തുന്ന കോച്ചുകളിലെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

 

ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ എസി എക്‌സ്പ്രസിനു പുറമെ പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുന്ന ട്രെയിനുകള്‍ ഇവയാണ്: തിരുച്ചിറപ്പള്ളി – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, മധുര- ഡല്‍ഹി സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്, കോയമ്പത്തൂര്‍- ഡല്‍ഹി കൊങ്ങു എക്‌സ്പ്രസ്, കെഎസ്ആര്‍ ബെംഗളൂരു-കൊച്ചുവേളി എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ – നാഗര്‍കോവില്‍ എക്‌സ്പ്രസ്,

മൈസൂരു – തൂത്തുക്കൂടി എക്‌സ്പ്രസ്, ദിബ്രുഗഡ് – കന്യാകുമാരി എക്‌സ്പ്രസ്. ശതാബ്ദി, തുരന്തോ, രാജധാനി ഉള്‍പ്പെടെയുള്ള പ്രീമിയം ട്രെയിനുകളിലാണു റെയില്‍വേ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്നും സാധാരണക്കാരുടെ ട്രെയിനുകളെ റെയില്‍വേ തഴയുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് എക്‌സ്പ്രസ് ട്രെയിനുകളെ കൂടി ഉല്‍കൃഷ്ഠ് പദ്ധതിയിലുള്‍പ്പെടുത്താന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചത്.

രാജ്യവ്യാപകമായി 66 ട്രെയിനുകളില്‍ 66 കോച്ചുകളിലാണു പദ്ധതിക്കു കീഴില്‍ സൗകര്യങ്ങളേര്‍പ്പെടുത്തുക. ഓരോ കോച്ചും 60 ലക്ഷം രൂപ വീതം ചെലവഴിച്ചാണു നവീകരിക്കുക. ചെന്നൈ – തിരുവനന്തപുരം സൂപ്പര്‍ എസി എക്‌സ്പ്രസില്‍ ഒരു കോച്ചാണു നവീകരിക്കുന്നത്. ദക്ഷിണ റെയില്‍വേ കോച്ച് നവീകരണത്തിനായി ആറു കോടി രൂപ ചെലവഴിക്കും.