Middle East

ഊദിന്റെ മാസ്മരിക താളത്തില്‍ കത്താറ

അറബ് സംഗീതത്തിനു മാത്രമായുള്ള സംഗീതോപകരണമായ ഊദിന്റെ മാസ്മരിക താളത്തിലാണ് ഇപ്പോള്‍ കത്താറ. രണ്ടാമത്തെ ഊദ് ഉല്‍സവം ആരംഭിച്ചതോടെ കത്താറയുടെ വീഥികളിലൂടെ ഊദിന്റെ സംഗീതം അലയടിക്കുന്നു. ആഗോള സംഗീതത്തിലേക്ക് ഊദിനു പ്രോല്‍സാഹനം നല്‍കുന്നതിന്റെ ഭാഗമായാണ് ഊദ് ഉല്‍സവം കത്താറയില്‍ സംഘടിപ്പിക്കുന്നത്.

ആഗോള തലത്തില്‍ പങ്കുവയ്ക്കപ്പെടുന്ന മനുഷ്യന്റെ സംസ്‌കാരിക സ്വത്താണ് ഊദെന്ന് തുര്‍ക്കിയില്‍നിന്നുള്ള ഊദ് വിദഗ്ധനായ ഇസ്മയില്‍ സഫീര്‍ ഹസ്‌നെദരോഗ്ലു പറഞ്ഞു. ഊദിന്റെ ഉദ്ഭവത്തെ കുറിച്ച് ഒട്ടേറെ കഥകളുണ്ട്. മധ്യേഷ്യയിലാണ് ഊദ് രൂപം കൊണ്ടതെന്നതാണ് അതില്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. തുര്‍ക്കിയിലെ ഗോത്രവിഭാഗങ്ങള്‍ കോപസ് എന്ന സംഗീതോപകരണം ഉപയോഗിച്ചിരുന്നു. ഇതു മധ്യപൗരസ്ത്യ രാജ്യങ്ങളിലേക്കെത്തുകയും ഊദായി രൂപാന്തരപ്പെടുകയും ചെയ്തുവെന്നാണ് കരുതുന്നത്.

മധ്യേഷ്യയിലാണു രൂപം കൊണ്ടതെങ്കിലും ഊദ് വികാസം പ്രാപിക്കുന്നതു മധ്യപൗരസ്ത്യ രാജ്യങ്ങളിലാണ്. പിന്നീട് സിര്‍യാബ് എന്ന പ്രശസ്ത അറബ് സംഗീതജ്ഞനിലൂടെ ഊദ് സ്‌പെയിനിലെത്തി. ഗിറ്റാറിന്റെ പിതാവെന്നാണ് ഊദിനെ വിളിക്കുന്നത്. ഊദ് ആദ്യം ചെറുവീണയായി മാറുകയും, പിന്നീട് ഗിറ്റാറായി രൂപാന്തരപ്പെടുകയും ചെയ്തുവെന്നാണു കരുതുന്നത്. ആദ്യം നാലു കമ്പികളുണ്ടായിരുന്ന ഊദില്‍ സിര്‍യാബാണ് അഞ്ചാമത്തെ കമ്പി കൂട്ടിച്ചേര്‍ത്തത്. ഇപ്പോഴത്തെ ഊദില്‍ ആറു കമ്പികളാണുള്ളത്.

ചിലര്‍ ഏഴു കമ്പികളുള്ള ഊദും വായിക്കുന്നുണ്ടെന്ന് ഇസ്മയില്‍ പറഞ്ഞു. ഗള്‍ഫ് മേഖലയിലെ ഓരോ ഭാഗത്തും ഊദ് വ്യത്യസ്ത രീതിയിലാണ് വായിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഊദ് വാദകര്‍ ഉല്‍സവത്തില്‍ പങ്കെടുക്കുന്നുണ്ട്. തുര്‍ക്കിയില്‍നിന്നുള്ള പ്രമുഖ ഊദ് നിര്‍മാണ വിദഗ്ധന്‍ ഫാറൂക് തുറാന്‍കും ഉല്‍സവത്തില്‍ പങ്കെടുക്കുന്നുണ്ട്. യുവ ഊദ് സംഗീതജ്ഞയായ അമല്‍ വഖാര്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാരും തങ്ങളുട സംഗീതവുമായി ഊദ് ഉല്‍സവത്തില്‍ ചേരുന്നു.