News

പൊടിക്കാറ്റ്: വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ശക്തമായ പൊടിക്കാറ്റും മഴയും മൂലം ഡൽഹിയിലേക്കുള്ള 24 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അമൃത്സറിലേക്കാണു വിമാനങ്ങൾ തിരിച്ചുവിട്ടത്. വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനുള്ള വിമാനങ്ങളുടെ ടേക്ക് ഓഫും നീട്ടിവച്ചിരിക്കുകയാണ്.

പൊടിക്കാറ്റും മഴയും ഡൽഹിയിൽ തുടരുകയാണ്. അതേസമയം, യാത്രക്കാർ സംയമനം പാലിക്കണമെന്നും തങ്ങളാൽ സാധിക്കുന്നത് ചെയ്യുന്നുണ്ടെന്നും വിസ്താര ചീഫ് സ്ട്രാറ്റജി ആൻഡ് കൊമേഴ്സ്യൽ ഓഫിസർ സഞ്ജയ് കപൂർ പറഞ്ഞു.

അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് വാഹന ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. അതേസമയം അപ്രതീക്ഷിതമായ കാറ്റും മഴയും ഡല്‍ഹിയിലെ ചൂടിനെ ഗണ്യമായി കുറച്ചിട്ടുണ്ട്.