India

ഉത്തര്‍പ്രദേശ് ടൂറിസം വികസനം: പുതിയ അയോധ്യ പട്ടണം നിര്‍മിക്കും

സരയു നദീതീരത്ത് 500 ഏക്കറിൽ പുതിയ അയോധ്യ പട്ടണം നിര്‍മിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. പുരാതന നഗരമായ അയോധ്യക്ക് സമീപം മജ ബർഹാത, ജെയ്സിങ് മൗ എന്നീ ഗ്രാമങ്ങള്‍ക്കിടയിലുള്ള സ്ഥലത്താകും 350 കോടി രൂപ ചിലവില്‍ പുതിയ അയോധ്യ പണികഴിപ്പിക്കുന്നത്.

അയോധ്യാ ടൂറിസത്തെ ശക്തിപ്പെടുത്താനും പുരാതന നഗരവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താനും പദ്ധതി പ്രയോജനപ്രദമാകും എന്നാണ് യു പി സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. പദ്ധതിയുടെ മേല്‍നോട്ടച്ചുമതല അയോധ്യ ഫൈസാബാദ് ഡെവലപ്മെന്‍റ്  അതോറിറ്റിക്കാകും നല്‍കുക. വിശദമായ പദ്ധതിരേഖ സര്‍ക്കാരിനു ലഭിച്ചാല്‍ ഈ മാസം 13ന് തന്നെ യോഗം ചേര്‍ന്ന് അന്തിമ രൂപം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ആദ്യഘട്ടത്തിൽ 100 ഏക്കർ സ്ഥലത്ത് മൊത്തം പദ്ധതിയുടെ ഇരുപതു ശതമാനം യാഥാര്‍ത്ഥ്യമാക്കും. ഇതിന് 18 മാസത്തോളം സമയമയമെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ക്ഷേത്രങ്ങൾ, പാർക്കുകൾ, പൊതു ഇടങ്ങൾ, ഷോപ്പിംഗ് മാളുകള്‍, ലക്ഷ്വറി ഹോട്ടലുകൾ തുടങ്ങിയവയെല്ലാം പുതിയ അയോധ്യയിൽ ഉണ്ടായിരിക്കും. അന്തർദ്ദേശീയ നിലവാരത്തിലുള്ള ജല-മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങള്‍ അടക്കമുള്ള പാര്‍പ്പിട സമുച്ചയങ്ങളും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.