News

ഭീകരാക്രമണ സാധ്യത; ഗോവയിലെ ബീച്ചുകളില്‍ ജാഗ്രതാ നിര്‍ദേശം

ഗോവയില്‍ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട്.  ഭീകരാക്രമണത്തെ കുറിച്ചുള്ള  സൂചന നല്‍കിയതോടെ ഗോവന്‍ തീരത്തെ കാസിനോകള്‍ക്കും ബോട്ടുകള്‍ക്കും കപ്പലുകള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കി.

മത്സ്യബന്ധന ബോട്ടുകളിലൂടെ ഭീകരവാദികള്‍ എത്താന്‍ സാധ്യതയുള്ളതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ സൂചന നല്‍കിയത്. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. തീരത്തു പ്രവര്‍ത്തിക്കുന്ന എല്ലാ കാസിനോകള്‍ക്കും ജലവിനോദ കേന്ദ്ര നടത്തിപ്പുകാര്‍ക്കും തുറമുഖ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി ഗോവാ തുറമുഖ മന്ത്രി ജയേഷ് സാല്‍ഗാവോന്‍കാര്‍ വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോട് പറഞ്ഞു.

പടിഞ്ഞാറന്‍ തീരത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് തീരരക്ഷാ സേന പങ്കുവച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നറിയിപ്പ് ഗോവയെ മാത്രം ലക്ഷ്യമാക്കിയുള്ളതല്ല. മുംബൈ, ഗുജറാത്ത് തീരങ്ങളിലും ആക്രമണമുണ്ടായേക്കാം. ഞങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകളെയും ബോട്ടുകളെയും വിവരം അറിയിച്ചിട്ടുണ്ട്- ജയേഷ് പറഞ്ഞു.

മുമ്പ് പാകിസ്താന്‍ പിടിച്ചെടുത്ത ഇന്ത്യയില്‍നിന്നുള്ള മത്സ്യബന്ധന ബോട്ട് വിട്ടയച്ചിരുന്നു. തിരികെയെത്തുന്ന ഈ ബോട്ടില്‍ ഭീകരവാദികള്‍ ഉണ്ടായേക്കാമെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന സൂചന.