Tech

വാട്‌സ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നവര്‍ ഇതു കൂടി സൂക്ഷിക്കുക

ഫേസ്ബുക്ക് ആത്മപരിശോധനകള്‍ക്കും പരിഷ്‌ക്കാരങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുകയാണ്. എന്തെല്ലാം വിവരങ്ങള്‍ ശേഖരിക്കണം ഏതെല്ലാം വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കണം എന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്കിന്റെ നീക്കം.എന്നാല്‍ ഈ സാഹചര്യത്തിലാണ് വാട്‌സ് ആപ് ഉപയോക്താക്കള്‍ക്ക് ശ്രദ്ധിക്കേണ്ട മറ്റൊരു റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്ന വ്യാജ വാട്‌സ് ആപ് ആപ്ലിക്കേഷനുകള്‍ സ്വകാര്യതയുടെയും വിവരങ്ങളുടെയും സംരക്ഷണത്തിന് വലിയ ഭീഷണിയാവുകയാണ്. ഇത്തരത്തിലൊരു വ്യാജ സന്ദേശത്തിനെക്കുറിച്ച് മുന്നറിയിപ്പ് തരികയാണ് മാല്‍വെയര്‍ ബൈറ്റ്‌സ് എന്ന സ്ഥാപനം.

വാട്സ്ആപ്പ് പ്ലസ് എന്ന പേരിലുള്ള ഒരു ആപ്ലിക്കേഷനെയാണ് മാല്‍വെയര്‍ ബൈറ്റ്സ് ചൂണ്ടിക്കാണിക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഈ ആപ്ലിക്കേഷന് സാധിക്കുമെന്ന് മാല്‍വെയര്‍ ബൈറ്റ്സ് പറയുന്നു.
ലിങ്കുകള്‍ വഴിയാണ് ഇത് പ്രചരിക്കപ്പെടുന്നത്. സാധാരണ പച്ച നിറത്തിലുള്ള ലോഗോയ്ക്ക് പകരം സ്വര്‍ണനിറത്തിലുള്ള ലോഗോയാണ് ഇതിനുള്ളത്. അതിനകത്തായി ഒരു യുആര്‍എലും ഉണ്ടാവും.

ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് നിബന്ധനകളും വ്യവസ്ഥകളും Agree and continue കൊടുത്താല്‍ ഉടനെ ആപ്പ് ഔട്ട് ഓഫ് ഡേറ്റ് ആയി എന്ന സന്ദേശം കാണാം. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലേക്ക് പോവുക എന്ന സന്ദേശവും കാണാം.ആരെങ്കിലും അത് അനുസരിച്ചാല്‍. അറബി ഭാഷയിലുള്ള ഒരു വെബ്സൈറ്റിലേക്ക് റീഡയറക്റ്റ് ചെയ്യപ്പെടും. Watts Plus Plus WhatsApp എന്ന പേരിലുള്ള ഒരു ആപ്ലിക്കേഷനാണ് ഇവിടെ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുക.

യഥാര്‍ഥ വാട്സ്ആപ്പിന് തുല്യമായ ഫീച്ചറുകളെല്ലാം ഈ വ്യാജ ആപ്പിനുമുണ്ട്. എങ്ങനെയാണ് ഈ വ്യാജ ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതെന്ന് മാല്‍വെയര്‍ ബൈറ്റ്സ് വ്യക്തമാക്കുന്നില്ല. വാട്‌സ് ആപ്പുമായി സാദൃശ്യമുള്ള ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ തന്നെ ലഭ്യമാണ് എന്നതാണ് മറ്റൊരു കാര്യം.വാട്സാപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ അബദ്ധം പിണയാന്‍ സാധ്യതകളേറെയാണ്.