India

മുംബൈയിലെ ലോക്കല്‍ ട്രെയിനുകളുടെ വേഗം കൂട്ടുമെന്ന് റെയില്‍വേ

സിഎസ്എംടിയില്‍നിന്ന് പന്‍വേലിലേക്കുള്ള യാത്രയ്ക്ക് കാല്‍ മണിക്കൂര്‍ കുറയ്ക്കാനൊരുങ്ങി മധ്യറെയില്‍വേ. സിഎസ്എംടിയില്‍നിന്ന് 49 കിലോമീറ്റര്‍ ദൂരെ ഉള്ള പന്‍വേലില്‍ എത്താന്‍ നിലവില്‍ ഒരു മണിക്കൂറും 20 മിനിറ്റും വേണം. ട്രെയിനിന്റെ വേഗം വര്‍ധിപ്പിച്ചു കാല്‍ മണിക്കൂര്‍ നേരത്തെ ലോക്കല്‍ ട്രെയിനുകള്‍ എത്തിക്കാനാണു നീക്കം. ഇതോടെ, 65 മിനിറ്റ് കൊണ്ട് ട്രെയിന്‍ പന്‍വേലിലെത്തും. ഇത്രയും ദൂരമുളള മധ്യറെയില്‍വേ, പശ്ചിമ റെയില്‍വേകളിലെ സ്ഥലങ്ങളിലേക്കു 45-50 മിനിറ്റ് കൊണ്ട് ഓടിയെത്താന്‍ പാകത്തില്‍ ഫാസ്റ്റ് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

 

മധ്യറെയില്‍വേയിലെ കല്യാണ്‍, അംബര്‍നാഥ്, ഖോപോളി, കര്‍ജത്, ആസന്‍ഗാവ്, പശ്ചിമ റെയില്‍വെയിലെ ഭായിന്ദര്‍, വിരാര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളിലേക്ക് ഒട്ടേറെ ഫാസ്റ്റ് ട്രെയിനുകള്‍ ഓടുന്നതിനാല്‍, യാത്രക്കാര്‍ തങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്കുള്ള ദൂരം ശരിക്കും അറിയുന്നില്ല. ഇതില്‍ പലരും ദിവസവും നഗരത്തിലെത്തി ജോലിചെയ്തു മടങ്ങുന്നവരാണ്. പന്‍വേല്‍ റൂട്ടായ ഹാര്‍ബര്‍ ലൈനില്‍ രണ്ടുവരി പാത മാത്രമായതിനാലാണ് ഫാസ്റ്റ് ട്രെയിന്‍ ഓടിക്കാനാകാത്തത്.

ഫാസ്റ്റ് ലോക്കല്‍ ട്രെയിന്‍ ഓടിക്കുന്ന മറ്റു റൂട്ടുകളിലെല്ലാം നാലുവരി പാതകളുണ്ട്. രണ്ടു പാതകള്‍ സ്ലോ ട്രെയിനും രണ്ടു പാതകള്‍ ഫാസ്റ്റ് ലോക്കലിനും വേണ്ടിയുള്ളതാണ്. നിലവിലുള്ള മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തില്‍നിന്ന് 105 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാനാണു നീക്കം. ഇതിനുവേണ്ടി പാതയും മറ്റു സംവിധാനങ്ങളും മെച്ചപ്പെടുത്തിക്കഴിഞ്ഞു.

 

പദ്ധതി പ്ലാനും ശുപാര്‍ശയും റെയില്‍വേ ബോര്‍ഡിന് അയച്ചു. ഇത് എത്രയും പെട്ടെന്ന് അനുവദിച്ചുകിട്ടുമെന്നാണു പ്രതീക്ഷയെന്നും ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ എസ്.കെ.ജയിന്‍ വെളിപ്പെടുത്തി. കൂടുതല്‍ വേഗത്തില്‍ ഓടുന്ന ബോംബാര്‍ഡിയര്‍ ട്രെയിനാണ് ഈ റൂട്ടില്‍ ഉപയോഗിക്കുക. 15 റേക്കുകള്‍ ഇപ്പോള്‍ തന്നെ മധ്യറെയില്‍വേയുടെ പക്കലുണ്ട്. കൂടുതല്‍ റേക്കുകള്‍ ഉടനെ ലഭിക്കുമെന്നും റെയില്‍വേ അറിയിച്ചു