Places to See

വര്‍ക്കലയിലെ സഞ്ചാരി പ്രവാഹത്തില്‍ കുതിപ്പ്; സര്‍ഫിംഗിന് സ്വര്‍ഗമെന്നു സഞ്ചാരികള്‍

വര്‍ക്കലയില്‍ വിനോദ സഞ്ചാര വളര്‍ച്ച കുതിക്കുന്നു. പാപനാശം ബീച്ചും സ്വാഭാവിക ക്ലിഫും ഉള്ള വര്‍ക്കല സര്‍ഫിംഗ് പ്രിയരുടെ കേന്ദ്രമാവുകയാണ്. അഞ്ചു വര്‍ഷത്തിനിടെ സഞ്ചാരികളുടെ എണ്ണത്തില്‍ 130.02 ശതമാനം വളര്‍ച്ചയാണ് വര്‍ക്കല കൈവരിച്ചത്. പോയ വര്‍ഷം ഇവിടെയെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണം 1,33,658 ആണ്..
കേരളത്തില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തിയ കൊച്ചിയില്‍ 43.89 ശതമാനം മാത്രം രേഖപ്പെടുത്തിയപ്പോഴാണ് വര്‍ക്കലയുടെ വളര്‍ച്ച. തിരുവനന്തപുരത്ത് തന്നെയുള്ള കോവളത്താകട്ടെ അഞ്ചു വര്‍ഷത്തെ വളര്‍ച്ച അഞ്ചു ശതമാനം മാത്രവും. വര്‍ക്കലക്ക് പുറമേ പൂവാറിനും നല്ല കാലമായിരുന്നു. ഓഖി, നോട്ടു നിരോധനം, ബാര്‍ അടയ്ക്കല്‍ തുടങ്ങിയ പ്രതിസന്ധികള്‍ ഇല്ലായിരുന്നെങ്കില്‍ സഞ്ചാരികളുടെ എണ്ണം ഇനിയും ഉയര്‍ന്നേനെ.

തിരയില്‍ തെന്നാം.. തീരത്ത് വിശ്രമിക്കാം

ലോകത്തെ പ്രധാന സര്‍ഫിംഗ് കേന്ദ്രങ്ങളിലൊന്നായി മാറുകയാണ് വര്‍ക്കല. ഗോവയ്ക്ക് പകരം വെയ്ക്കാവുന്ന ബീച്ചാണ് വര്‍ക്കലയെന്നു ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചിരുന്നു. കിറുങ്ങി നടക്കാന്‍ ഗോവയ്ക്ക് പോകാം.. നവോന്മേഷമാണ് വേണ്ടതെങ്കില്‍ വര്‍ക്കലയ്ക്കും പോകാം എന്നായിരുന്നു ആ ലേഖനത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടിയത്.
വര്‍ക്കലയില്‍ സര്‍ഫിംഗിന് തുടക്കമിട്ടത് ഏതാനും വര്‍ഷം മുന്‍പ് ബ്രിട്ടീഷ് ദമ്പതിമാരായ ഏദു ടെമ്പിള്‍ടണും സോഫിയുമാണ്‌.

ലോകത്ത് പല ബീച്ചുകളിലും സര്‍ഫിംഗ് നടത്തിയിരുന്ന ഏദു ഇവിടം കണ്ടപ്പോള്‍ ഇതിനേക്കാള്‍ മനോഹര സ്ഥലം മറ്റൊന്നില്ലന്നു ഉറപ്പിച്ച് വര്‍ക്കലയില്‍ താമസമാക്കുകയായിരുന്നു. ഇവരുടെ ഉടമസ്ഥതയിലുള്ള സോള്‍ ആന്‍ഡ്‌ സര്‍ഫില്‍ താമസിക്കാം. യോഗയും സര്‍ഫിങ്ങും ചെയ്യാം. സര്‍ഫിംഗ് പരിശീലിക്കാന്‍ സ്കൂളും ഇവര്‍ നടത്തുന്നുണ്ട്. വര്‍ഷ കാലത്തിനു മുന്‍പും ശേഷവുമാണ് സര്‍ഫിങ്ങിനു പറ്റിയ സമയം. അപ്പോള്‍ കടല്‍ പ്രക്ഷുബ്ധമാകാതെ ശാന്തമായിരിക്കും.  വേനല്‍ സര്‍ഫിങ്ങിനു പറ്റിയ സമയമായതിനാല്‍ ഇപ്പോള്‍ സഞ്ചാരികള്‍ കടലില്‍  തെന്നി നീങ്ങുന്നത്‌ കാണാം .

ഇവിടെ കാണേണ്ട മറ്റിടങ്ങള്‍ 

ശിവഗിരി മഠം

വര്‍ക്കല ശിവഗിരിക്കുന്നിലാണ്. ആത്മീയതയും അറിവും നിറഞ്ഞ അന്തരീക്ഷമാണ് മഠം പരിസരത്ത്. ശ്രീനാരായണഗുരുവിന്റെ സമാധിമന്ദിരം സ്ഥിതി ചെയ്യന്ന സ്ഥലമാണിത്. ശ്രീനാരായണഗുരു സ്ഥാപിച്ച ശിവക്ഷേത്രവും ശാരദാക്ഷേത്രവും , സന്ന്യാസാശ്രമവും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു.

ജനാര്‍ദ്ദന സ്വാമി ക്ഷേത്രം

2000 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ക്ഷേത്രം. മഹാവിഷ്ണുവാണ് പ്രതിഷ്ഠ. ദക്ഷിണകാശി എന്നും ക്ഷേത്രം അറിയപ്പെടുന്നു. ക്ഷേത്രത്തിനു മുന്നിലെ കടല്‍ ജലത്തിന് മനുഷ്യന്റെ പാപങ്ങളെ കഴുകിക്കളഞ്ഞ് ശുദ്ധീകരിക്കാന്‍ കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ ഈ ബീച്ചിന് പാപനാശം എന്ന പേര് ലഭിച്ചു.


സ്ഥാനം :

തിരുവനന്തപുരം ജില്ലയില്‍, തിരുവനന്തപുരം നഗരത്തില്‍ നിന്ന് 51. കിലോ മീറ്റര്‍ വടക്കും കൊല്ലത്ത് നിന്ന് 37 കി.മി. തെക്കും

യാത്രാ സൗകര്യം

സമീപ റെയില്‍വേസ്റ്റേഷന്‍ , വര്‍ക്കല, 3 കി.മി.
സമീപ വിമാനത്താവളം. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് 57. കി.മി.