Middle East

വികസനപദ്ധതിക്ക് കൈകോര്‍ത്ത് ദുബൈ ആര്‍. ടി. എ.യും പൊലീസും

നഗര വികസന പദ്ധതികള്‍ക്കായി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ദുബൈ പോലീസും കൈകോര്‍ക്കുന്നു. ഷാര്‍ജയ്ക്കും ദുബായിക്കും ഇടയില്‍ കൂടുതല്‍ ബസ് റൂട്ടുകള്‍ തുറക്കുന്നതും ഗുബൈബക്കും ഷാര്‍ജ അല്‍ ഖാനുമിടയ്ക്ക് ഫെറി സര്‍വീസ് ആരംഭിക്കുന്നതും ഷാര്‍ജയ്ക്കും ദുബായിക്കും ഇടയില്‍ എക്സ്പ്രസ് ബസുകള്‍ക്കായി പ്രത്യേക ലെയിനുകള്‍ തുടങ്ങുന്നതും ആര്‍.ടി.എ.യുടെ വികസനപദ്ധതികളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

രണ്ട് എമിറേറ്റുകള്‍ക്കുമിടയിലെ ഗതാഗതപ്രശ്നത്തിന് വലിയൊരളവില്‍ പരിഹാരമാകാന്‍ ഈ പദ്ധതികള്‍ക്ക് കഴിയും. എമിറേറ്റിലെ ഗതാഗതസുരക്ഷ വര്‍ധിപ്പിക്കാന്‍ വണ്ടികളുടെ ലൈസന്‍സിങ്, ട്രക്കുകളുടെ ഗതാഗതം തുടങ്ങിയവ സംബന്ധിച്ചുള്ള കാര്യങ്ങളും ആര്‍.ടി.എ. ചെയര്‍മാന്‍ മാതര്‍ അല്‍ തായറും ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറിയും തമ്മില്‍നടന്ന ചര്‍ച്ചയില്‍ വിഷയങ്ങളായി.

എമിറേറ്റിലെ റോഡ് ശൃംഖലയും പൊതുഗതാഗതവും റെക്കോഡ് വികസനത്തിന്റെ പാതയിലാണ്. 2006 മുതലുള്ള കണക്കെടുത്താല്‍ എമിറേറ്റിലെ മൊത്തം റോഡുകളുടെ ദൈര്‍ഘ്യം 92 ശതമാനമാണ് കൂടിയിരിക്കുന്നത്. പൊതുഗതാഗത സംവിധാനത്തിന്റെയും വളര്‍ച്ച സമാനമായ രീതിയിലാണ്. പ്രതിദിനം 15 ലക്ഷം യാത്രക്കാരാണ് പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്നത്. സ്മാര്‍ട്ട് ആപ്പുകള്‍ ഉള്‍പ്പെടെയുള്ള ആര്‍.ടി.എ.യുടെ സാങ്കേതിക സൗകര്യങ്ങള്‍ക്കും വന്‍ പ്രചാരമുണ്ട്. 2006 മുതലുള്ള കാലയളവില്‍ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന 240 ശതമാനമാണ്. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഇത്തിഹാദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളില്‍ ഗതാഗതം 82 ശതമാനം വര്‍ധിച്ചു. ഈ സാഹചര്യങ്ങളിലാണ് ട്രാഫിക് സുരക്ഷ കൂടുതല്‍ പ്രസക്തമാകുന്നതെന്ന് മാതര്‍ അല്‍ തായര്‍ പറഞ്ഞു.