India

പുണെ മെട്രോ തൂണുകളില്‍ ഇനി പച്ചപ്പിന്റെ വസന്തകാലം

നിര്‍മാണം പുരോഗമിക്കുന്ന പുണെ മെട്രോ റെയില്‍ പദ്ധതിയുടെ തൂണുകളില്‍ വെര്‍ട്ടിക്കല്‍ പൂന്തോപ്പ് നിര്‍മാണം പുരോഗമിക്കുന്നു.വെര്‍ട്ടിക്കല്‍ പൂന്തോപ്പ് മലിനീകരണം കുറയ്ക്കാനും മെട്രോ പാതയുടെ മോടി കൂട്ടാനും വഴിയൊരുക്കും.


പിംപ്രി-ചിഞ്ച്വാഡില്‍ നിന്നു സ്വാര്‍ ഗേറ്റിലേക്കും വനാസില്‍ നിന്നു റാംവാഡിയിലേക്കുമുള്ള പാതകളിലെ മെട്രോ പില്ലറുകളിലാകും പൂന്തോട്ടമൊരുക്കുക. നാഗ്പുരിലെ മെട്രോ പില്ലറുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച വെര്‍ട്ടിക്കല്‍ പൂന്തോട്ടം വിജയകരമായ സാഹചര്യത്തിലാണു പദ്ധതി പുണെയിലേക്കു നീട്ടാന്‍ തീരുമാനിച്ചത്.

പച്ചപ്പു വര്‍ധിപ്പിച്ച് മലിനീകരണം തടയുകയാണു ലക്ഷ്യം. പില്ലറുകളുടെ പ്രതലത്തില്‍ സ്ഥാപിക്കുന്ന കനംകുറഞ്ഞ ഇരുമ്പു ചട്ടങ്ങളില്‍ ചെറിയ ചെടിച്ചട്ടികള്‍ വച്ചായിരിക്കും വെര്‍ട്ടിക്കല്‍ പൂന്തോട്ടം ഒരുക്കുക. മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള മലിനജലം ശുദ്ധീകരിച്ച് ഡ്രിപ്പ് ഇറിഗേഷന്‍ വഴി ചെടികള്‍ നനയ്ക്കും. മെട്രോ പദ്ധതിക്കായി മുറിച്ചുനീക്കിയ മരങ്ങള്‍ക്കു പകരം കൂടിയാകും തൂണുകളിലെ പച്ചപ്പ്.