Middle East

കടലാമകളുടെ പ്രജനനം: ഫുവൈറിത്ത് ബീച്ച് നാല് മാസത്തേക്ക് അടച്ചു

വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണാര്‍ത്ഥം ദേഹയിലെ പ്രധാന ബീച്ചുകളിലൊന്നായ ഫുവൈറിത്ത് നാലുമാസത്തേക്ക് അടച്ചു. നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിലെ പരിസ്ഥിതിസംരക്ഷണ വന്യജീവി വകുപ്പാണ് ബീച്ച് അടച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ ഓഗസ്റ്റ് ഒന്നുവരെ വംശനാശഭീഷണി നേരിടുന്ന ഹൗക്ക്സ് ബില്‍ കടലാമകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രജനനം സംരക്ഷിക്കാനായാണ് ബീച്ച് അടച്ചത്. ഓഗസ്റ്റ് ഒന്നുവരെയാണ് കടലാമകളുടെ പ്രജനനം നടക്കുന്നത്.

രാജ്യത്ത് നാല് കടലോരങ്ങളിലും നാല് ദ്വീപുകളിലുമാണ് കടലാമകള്‍ മുട്ടയിടുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാകുന്നത്. ഫുവൈറിത്ത്, അല്‍ ഖാരിയ, റാസ് ലഫാന്‍, അല്‍ മറൂണ എന്നീ തീരങ്ങളിലും ഹലുല്‍, ഷരീവു, റാസ് രഖന്‍, ഉംതെയ്സ് എന്നീ ദ്വീപുകളിലുമാണ് കടലാമകളുടെ സാന്നിധ്യം ഏറെയുള്ളത്. വംശനാശഭീഷണി നേരിടുന്ന കടലാമകളും ഫുവൈറിത്തിലെത്തുന്നുണ്ട്. കടലാമകള്‍ കൂടുതലായി മുട്ടിയിടാനെത്തുന്ന ഫുവൈരിത്ത് തീരഭാഗം വേലികെട്ടി തിരിച്ചും മറ്റും കടലാമകള്‍ക്ക് സുരക്ഷിതമായി മുട്ടയിടാനുള്ള അവസരം മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്.

കടലാമകളുടെ സാന്നിധ്യം ഏറെയുള്ള സ്ഥലങ്ങളില്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കും. കടലാമകളുടെ വംശനാശഭീഷണി മുന്നില്‍ക്കണ്ടാണ് മന്ത്രാലയം സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്ത് നടപ്പാക്കുന്നത്.

ഒന്‍പത് മുതല്‍ 14 വരെ ദിവസങ്ങളുടെ ഇടവേളയില്‍ രണ്ടോമൂന്നോ കൂട്ടമായാണ് കടലാമകള്‍ മുട്ടയിടുന്നത്. പലപ്പോഴും രണ്ടും മൂന്നും വര്‍ഷങ്ങള്‍ക്കിടയിലാണ് ഓരോ ആമയും കരയിലെത്തി മുട്ടയിടുന്നത്. രാത്രിയില്‍ തീരത്ത് വെളിച്ചമോ ശബ്ദമോ ഉണ്ടായാല്‍ അവ തിരികെമടങ്ങും. ഓരോ സീസണിലും 70 മുതല്‍ 95 മുട്ടകള്‍ വരെയാണ് കടലാമ ഓരോകൂട്ടിലും ഇടുന്നത്. അടയിരിക്കാതെ തന്നെ 52 മുതല്‍ 62 ദിവസത്തിനുള്ളില്‍ കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങും. സൂര്യനില്‍നിന്നുള്ള ചൂടേറ്റാണ് മുട്ട വിരിയുന്നത്. ചൂട് കൂടുന്നതിന് അനുസരിച്ച് വിരിയാന്‍ എടുക്കുന്ന ദിവസത്തിന്റെ എണ്ണം കുറയും. മുട്ട വിരിഞ്ഞിറങ്ങുന്ന ആമക്കുഞ്ഞുങ്ങള്‍ സന്ധ്യയോടെയാണ് കടലിലേക്ക് നീന്തിയിറങ്ങുന്നത്.

കടലാമകളുടെ പ്രജനനം വിജയകരമാകാനായി കടല്‍തീരങ്ങളിലെത്തുന്ന രാജ്യത്തെ സ്വദേശികളും പ്രവാസികളും പിന്തുണ നല്‍കണമെന്ന് മന്ത്രാലയം അധികൃതര്‍ നിര്‍ദേശിച്ചു. കരയില്‍ മുട്ടയിടാനെത്തുന്ന കടലാമകള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് ജനങ്ങള്‍ പിന്‍മാറണം. തീരത്തേക്ക് വാഹനം ഇറക്കുന്നതും തീരക്കടലില്‍ വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതും തീരങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതുമെല്ലാം പ്രജനനത്തെ സാരമായി ബാധിക്കും. രാജ്യത്തിന്റെ വടക്കന്‍ മേഖലയിലെ ഫുവൈറിത്ത് ബീച്ച് ഉള്‍പ്പെടെ അല്‍ ഗരിയ, അല്‍ ഹുവെയ്ലിയ, അല്‍ മാഫ്ജര്‍, ഉം ടിസ്, റുഖാന്‍, ഷാറോ തുടങ്ങിയ ദ്വീപുകളിലെത്തുന്ന സന്ദര്‍ശകര്‍ കടലാമകളുടെ കൂടുകള്‍ക്ക് സമീപം പ്രവേശിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി അവയ്ക്ക് ശല്യമുണ്ടാക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ 998 എന്ന നമ്പറില്‍ അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശിച്ചു. കടലാമകളുടെയും കടല്‍ പക്ഷികളുടെയും സംരക്ഷണം ലക്ഷ്യമിട്ടുള്ള 2010-ലെ 37-ാം നമ്പര്‍ മന്ത്രിതല തീരുമാനപ്രകാരമാണ് നടപടി സ്വീകരിക്കുന്നത്.