Aviation

പന്തയക്കുതിരകള്‍ പറന്നത് എമിറേറ്റ്‌സില്‍

വേള്‍ഡ് കപ്പ് അടക്കമുള്ള ദുബൈയിലെ കുതിരയോട്ട മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പന്തക്കുതിരകള്‍ സവാരി നടത്തിയത് എമിറേറ്റ്‌സ് വിമാനത്തില്‍. കുതിരകളെ കൊണ്ടുപോകുന്നത് എമിറേറ്റസിന്റെ ചരക്ക് വിഭാഗമായ എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ വഴിയാണ്.

ഏറ്റവുമൊടുവില്‍ ലോകത്തിലെ എണ്ണംപറഞ്ഞ പന്തയക്കുതിരകളെ എമിറേറ്റ്സില്‍ എത്തിച്ചത് ദുബായ് വേള്‍ഡ് കപ്പിനാണ്. ഈ മത്സരസീസണില്‍ ആറുഭൂഖണ്ഡങ്ങളില്‍ നിന്നായി നിരവധി കുതിരകളെയാണ് വിമാനമാര്‍ഗം കൊണ്ടുവന്നത്. അതുപോലെ ലോന്‍കൈന്‍സ് ഗ്ലോബല്‍ ചാമ്പ്യന്‍സ് ടൂറിനായി നൂറിലധികം കുതിരകളെ പലവട്ടം മൂന്ന് ഭൂഖണ്ഡങ്ങളിലൂടെ കൊണ്ടുപോയി.

650 കിലോ ഭാരം വരും ഓരോ കുതിരയ്ക്കും. ഇതിനുപുറമേ ഓരോ മത്സരങ്ങള്‍ക്കുമാവശ്യമായ ഉപകരണങ്ങളും ഇതോടൊപ്പമുണ്ടാകും. ഈ വെല്ലുവിളികള്‍ തരണംചെയ്താണ് കഴിഞ്ഞ നാല് മാസത്തിനിടെ ആറുഭൂഖണ്ഡങ്ങളില്‍നിന്നുള്ള 350 കുതിരകളെ എമിറേറ്റ്സ് വിമാനത്തില്‍ കൊണ്ടുവന്നത്. ഇവയ്ക്ക് സുരക്ഷിതവും സുഗമവുമായ യാത്രയ്ക്കായുള്ള എല്ലാ സജ്ജീകരണങ്ങളും വിമാനത്തില്‍ തയ്യാറാണ്. കൂടാതെ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തില്‍ കുതിരകള്‍ക്കായി ഒരു സ്ഥിരം റാമ്പും ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നാണ് കുതിരകളെ വിമാനത്തിലേക്ക് കയറ്റുന്നത്. മൃഗചികിത്സകരുള്‍പ്പെടെയുള്ള വിദഗ്ധരടങ്ങിയ സംഘവും പലപ്പോഴും കുതിരകള്‍ക്കൊപ്പം യാത്ര ചെയ്യാറുണ്ട്.