News

തിത്തിത്താരാ സിന്ദാബാദ് …വള്ളം തുഴച്ചില്‍കാര്‍ക്കും സംഘടന

ചിത്രം: മോപ്പസാംഗ് വാലത്ത്

വളളംകളി രംഗത്തെ തുഴച്ചില്‍ക്കാര്‍ക്കായി സംഘടന രൂപീകരിക്കുന്നു. വള്ളം ഉടമകള്‍ക്കും ബോട്ട്ക്ളബുകള്‍ക്കും സംഘടനയുണ്ടെങ്കിലും തുഴച്ചില്‍ക്കാര്‍ക്കായി സംഘടന ആദ്യമാണെന്ന് സംഘാടകര്‍ പറയുന്നു. തുഴച്ചില്‍ക്കാരെ കൂടാതെ താളക്കാര്‍, അമരക്കാര്‍, കമന്റേറ്റര്‍മാര്‍ എന്നിവരെയും സംഘടനയില്‍ ഉള്‍പ്പെടുത്തും. നവമാധ്യമങ്ങളുടെ പിന്തുണയിലാണ് സംഘടനയുടെ പ്രചാരണപ്രവര്‍ത്തനം. ഓള്‍കേരള ബോട്ട് റെയ്സ് റോവേഴ്സ് അസോസിയേഷന്‍ എന്ന പേരിലാണ് അംഗങ്ങളെ സംഘടിപ്പിക്കുന്നതെങ്കിലും നാലിന് കുമരകത്ത് ചേരുന്ന വിപുലമായ യോഗത്തില്‍ സംഘടനയുടെ പേരും ഭാരവാഹികളെയും തെരഞ്ഞെടുക്കുമെന്ന് സംഘാടകനും കമന്റേറ്ററുമായ ഷാജി ചേരമന്‍ പറഞ്ഞു. നാലിന് പകല്‍ രണ്ടിന് കുമരകം കലാഭവന്‍ ഹാളിലാണ് യോഗം.

തുഴക്കാരുടെ കൈക്കരുത്തിന്റെയും കായികമികവിന്റെയും ബലത്തിലാണ് വള്ളംകളി പലപ്പോഴും ആവേശപ്പോരിലേക്ക് എത്തുന്നത്. എന്നാല്‍ ജലോത്സവങ്ങളുടെ സംഘാടനത്തിലോ മത്സരത്തിലോ കാര്യമായ പരിഗണനയുണ്ടാകാറില്ല. മത്സരത്തിനിടെ അപകടവും ചിലപ്പോള്‍ മരണവും സംഭവിക്കുന്നു. ഏതാനും കൊല്ലത്തിനിടെ ഏഴു തുഴച്ചില്‍ക്കാരാണ് മത്സരവള്ളംകളിക്കിടെ ഹൃദയാഘാതത്താല്‍ മരിച്ചത്. തുഴച്ചിലിനിടെ പരിക്കേറ്റവരും ധാരാളം. എന്നാല്‍ ഇവര്‍ക്ക് ജലോത്സവസമിതികളുടെയോ സര്‍ക്കാരിന്റെയോ സഹായം ലഭിക്കുന്നില്ല. തുഴച്ചില്‍ക്കാര്‍ക്കും താളക്കാര്‍ക്കും അമരക്കാര്‍ക്കുമെല്ലാം അപകട ഇന്‍ഷുറന്‍സ് വേണമെന്നാണ് ആവശ്യം. സാമ്പത്തികസഹായമടക്കമുള്ള ആനുകൂല്യത്തിനും നടപടിവേണമെന്ന് അസോസിയേഷന്‍ സംഘാടകര്‍ ആവശ്യപ്പെടുന്നു. ഐപിഎല്‍ മാതൃകയില്‍ തുഴച്ചില്‍ക്കാര്‍ക്ക് പ്രതിഫലം വാഗ്ദാനം ചെയ്താണ് പല ടീമുകളും കളിപ്പിക്കുന്നത്.

ഈ രംഗത്തുള്ള ഇടനിലക്കാരുടെ ചൂഷണത്തിനിരയാകുന്ന തുഴച്ചില്‍ക്കാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കുന്നില്ല. വള്ളംകളികളില്‍ ആവേശം വിതയ്ക്കുന്ന കമന്റേറ്റര്‍മാരെയും തഴയുന്നു. വനിതകളടക്കം സംസ്ഥാനത്ത് അയ്യായിരത്തോളം തുഴച്ചില്‍ക്കാരുണ്ട്. ഇവരിലേക്ക് സംഘടനയുടെ ആവശ്യകത അറിയിക്കാന്‍ നവമാധ്യമങ്ങളെയാണ് ആശ്രയിക്കുന്നത്. ജലോത്സവപ്രേമികളുടെ വാട്സ്ആപ്പ് കൂട്ടായ്മകളായ തുഴത്താളം, ബിആര്‍കെ, നയമ്പ്, ബിആര്‍എസ് എന്നിവ മുഖേന പ്രചാരണം നടത്തിയിട്ടുണ്ട്. കേരള ബോട്ട്ക്ളബ്ബ് അസോസിയേഷനും സംഘടനയ്ക്ക് പിന്തുണ അറിയിച്ചു.

നെഹ്റുട്രോഫി അടക്കമുള്ള ജലോത്സവങ്ങളെ കോര്‍ത്തിണക്കി ലീഗ് അടിസ്ഥാനത്തില്‍ മത്സരം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വള്ളംകളിയുടെ പ്രോത്സാഹനത്തിന് ഗുണകരമാകുമെന്നാണ് ഈ രംഗത്തുള്ളവരുടെ വിലയിരുത്തല്‍.