Middle East

ഫോർമുല വൺ ഗൾഫ്​ എയർ ബഹ്​റൈൻ ഗ്രാന്‍റ്​ പ്രിക്സ്‌ ഈ മാസം ആറുമുതല്‍

ഫോർമുല വൺ ഗൾഫ്​ എയർ ബഹ്​റൈൻ ഗ്രാന്‍റ്​ പ്രിക്സ്‌ കാറോട്ട മല്‍സരത്തിന്​ ബഹ്​റൈൻ ഒരുങ്ങുന്നു. രാജ്യത്തെ ഇൗ വർഷത്തെ ഏറ്റവും വലിയ പരിപാടിയായ ഫോർമുല വൺ കാറോട്ട മല്‍​സരം ഈ മാസം ആറു മുതൽ എട്ടുവരെ ബഹ്​റൈൻ ഇൻറർനാഷണൽ സർക്യൂട്ടിലാണ്​ ​ നടക്കുക.

2004 മുതലാണ്​ ബഹ്​റൈനിൽ രാജ്യാന്തര കാറോട്ട മത്സരം തുടങ്ങിയത്​. അന്തർദേശീയ താരങ്ങളെയും കാറോട്ട പ്രേമികളെയും ടൂറിസ്റ്റുകളേയും രാജ്യത്തേയ്ക്ക് ആകര്‍ഷിക്കാന്‍ വേണ്ടിയാണ് കാറോട്ടമത്സരം സംഘടിപ്പിക്കുന്നത്. 115 രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ മല്‍സരം കാണുന്നതിന്​ വിസക്കായി ഒാൺലൈൻ വഴി അപേക്ഷിച്ചിട്ടുണ്ട്​. 67 രാഷ്​ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കും ഓണ്‍ അറൈവല്‍ വിസ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫോര്‍മുല വണ്‍ മല്‍സരങ്ങള്‍ക്കായി വിവിധ രാജ്യങ്ങളില്‍ നിന്നത്തെുന്ന സന്ദര്‍ശകരെ സ്വീകരിക്കാന്‍ ബഹ്റൈന്‍ എയര്‍പോര്‍ട്ടിലെ പാസ്പോര്‍ട്ട് വിഭാഗം ഒരുങ്ങിയതായി നാഷണാലിറ്റി പാസ്പോര്‍ട്ട് ആൻറ്​ റെസിഡൻറ്​സ്​ അഫയേഴ്സ് അതോറിറ്റിയിലെ സ്പോര്‍ട്സ് വിഭാഗം ഡയറക്ടര്‍ ശൗഖി അസ്സുബൈഇ പറഞ്ഞു. ഇൗ ദിവസങ്ങളിൽ ആവശ്യമായ വൈദ്യസേവനത്തിനായി പ്രത്യേക സംഘത്തിനുള്ള പരിശീലനവും ആരംഭിച്ചിട്ടുണ്ട്​.