Middle East

ദുബൈ വിമാനത്താവളത്തില്‍ ബാഗേജുകള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നു

ദുബായില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാഗേജുകള്‍ക്ക് അധിക നിരക്ക് ഈടാക്കുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങളിലെ യാത്രക്കാര്‍ക്കാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയത്.

ബാഗേജ് നിശ്ചിത അളവില്‍ കൂടുകയോ കുറയുകയോ ചെയ്താല്‍ 45 ദിര്‍ഹം ഈടാക്കും. 30 സെന്റീമീറ്റര്‍ വീതം നീളവും വീതിയും 7.5 സെന്റീമീറ്റര്‍ ഉയരവുമാണ് ബാഗേജുകളുടെ കുറഞ്ഞ വലുപ്പം. ബാഗേജിന്റെ ഏതെങ്കിലും ഒരു ഭാഗം 75 സെന്റീമീറ്ററില്‍ കൂടാനോ ചുറ്റളവ് പരമാവധി 158 സെന്റിമീറ്ററില്‍ കൂടാനോ പാടില്ല.

നിശ്ചിത അളവുണ്ടെങ്കിലും ഭാരം രണ്ടു കിലോയില്‍ കുറവാണെങ്കിലും പിഴ ചുമത്തും. ഉരുണ്ട ബാഗേജുകള്‍ പാടില്ല. ബാഗേജിന്റെ ഒരു വശമെങ്കിലും പരന്നതായിരിക്കണം. 43 ഇഞ്ച് വരെ വലിപ്പമുള്ള എല്ലാ തരം ടിവികള്‍ക്കും 45 ദിര്‍ഹം വീതം ഈടാക്കുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. നിലവില്‍ എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യാ എക്‌സ്പ്രസും മാത്രമാണ് നിയമം കര്‍ശനമാക്കിയത്.