News

സിറ്റി സ്റ്റേഷനില്‍ നിന്ന് നമ്മ മെട്രോയിലേക്കുള്ള മേല്‍പ്പാലം ജൂണില്‍ തുറക്കും

കെ എസ് ആര്‍ സിറ്റി റെയില്‍വേ സ്റ്റേഷനെയും മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മേല്‍നടപ്പാത നിര്‍മാണം അവസാനഘട്ടത്തില്‍. കെഎസ്ആര്‍ സിറ്റി റെയില്‍വേ സ്റ്റേഷനിലെ പത്താം നമ്പര്‍ പ്ലാറ്റ്‌ഫോമിനെയും കെഎസ്ആര്‍ മെട്രോ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന മേല്‍നടപ്പാത ജൂണില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ ഡിവിഷനല്‍ മാനേജര്‍ ആര്‍.എസ്.സക്‌സേന പറഞ്ഞു.

നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ബിഎംആര്‍സിഎല്‍ രണ്ടുകോടി രൂപ റെയില്‍വേയ്ക്കു കൈമാറിയശേഷമാണ് അനിശ്ചിത്വം നീങ്ങിയത്.നമ്മ മെട്രോയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായതിനു പിന്നാലെ പാലം തുറന്നുകൊടുക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്. മെട്രോ സ്റ്റേഷനില്‍ നിന്ന് എസ്‌കലേറ്റര്‍ വഴി പാലത്തിലേക്കു പ്രവേശിച്ച് പത്താം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്കു നേരിട്ടെത്താം. പത്താം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ അണ്‍റിസര്‍വ്ഡ്, പ്ലാറ്റ്‌ഫോം ടിക്കറ്റെടുക്കാനുള്ള കൗണ്ടറും ആരംഭിച്ചിരുന്നു.

നിലവില്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്കു പ്രവേശിക്കാന്‍ താല്‍ക്കാലിക ഇടവഴിയാണ് ഒരുക്കിയിരിക്കുന്നത്. ലഗേജുകളുമായി വീതികുറഞ്ഞ ചവിട്ടുപടികളിലൂടെ പ്ലാറ്റ്‌ഫോമിലേക്കു പ്രവേശിക്കാന്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്രവേശനകവാടത്തിലേക്കു പ്രവേശിക്കാന്‍ മജസ്റ്റിക് മെട്രോ സ്റ്റേഷനില്‍ നിന്ന് അടിപ്പാതയും നിര്‍മിച്ചിട്ടുണ്ട്. സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്നുള്ള മേല്‍നടപ്പാത പൂര്‍ത്തിയാകുന്നതോടെ മജസ്റ്റിക് മെട്രോ സ്റ്റേഷനിലെ തിരക്കും കുറയും.