India

ആഡംബര സലൂണ്‍ കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വേ

സാധാരണകാര്‍ക്കും ആഡംബരയാത്ര ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ. ആഡംബരത്തിന്‍റെ പ്രതീകമായ സലൂണ്‍ കോച്ചുകള്‍ ഘടിപ്പിച്ച  ട്രെയിനിന് വെള്ളിയാഴ്ച ഡല്‍ഹി ഓള്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ പച്ചകൊടി വീശി. സഞ്ചരിക്കുന്ന വീട് എന്ന പ്രതീതിയാണ് ട്രെയിന്‍ ഉണ്ടാക്കിയിരിക്കുന്നത്.

രണ്ട് കിടപ്പ് മുറികള്‍, അതിനോട് ചേര്‍ന്നുള്ള ശുചിമുറികള്‍, ലിവിങ് റൂം, അടുക്കള എന്നിവ ചേര്‍ന്നതാണ് ഓരോ കോച്ചുകളും. കോച്ചുകളുടെ ഫോട്ടോ ഉള്‍പ്പെടെ ഇന്ത്യന്‍ റെയില്‍വേയാണ് ഇക്കാര്യം ട്വിറ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്കുള്ള ജമ്മു മെയില്‍ ട്രെയിനാണ് ആഡംബര സംവിധാനങ്ങളോടെ യാത്ര ആരംഭിച്ചത്.

ഡല്‍ഹിയിലെ സ്വകാര്യ ടൂറിസം കമ്പനിയുടെ ഉപഭോക്താക്കളായിരുന്നു ആദ്യ യാത്രക്കാര്‍. യാത്രക്കാര്‍ക്ക് ഹോട്ടലില്‍ ലഭിക്കുന്നതു പോലെയുള്ള സൗകര്യങ്ങളാണ് കോച്ചില്‍ ലഭിക്കുന്നത്. യാത്രക്കാരുടെ സേവനത്തിനായി പ്രത്യേക ജീവനക്കാരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസിയിലും കോച്ചിലും ഉണ്ടാകുന്ന സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കുന്നതിനായി സാങ്കേതിക വിദഗ്ധരും ട്രെയിനില്‍ ഉണ്ടെന്ന് ഐ.ആര്‍.സി.ടി.സി. അറിയിച്ചു.

നിലവില്‍ ചാര്‍ട്ടേര്‍ഡ് സംവിധാനമായിട്ടാണ് ഈ സൗകര്യങ്ങളുള്ള കോച്ചുകള്‍ ലഭിക്കുക. എന്നാല്‍, ഗതാഗത ട്രെയിനുകളിലും ഉടന്‍ തന്നെ ഇത്തരം സര്‍വീസുകള്‍ നടപ്പാക്കുമെന്നും ഐ.ആര്‍.സി.ടി.സി. പ്രസ്താവനയില്‍ അറിയിച്ചു.