News

താജിലും ജന്തര്‍മന്ദറിലും പരസ്യം തെളിയും: പൈതൃക സ്മാരകങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്‌ വഴിയൊരുങ്ങുന്നു

താജ് മഹല്‍ അടക്കം രാജ്യത്തെ പൈതൃക സ്മാരകങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന്‌ വഴിയൊരുങ്ങുന്നു.കേന്ദ്ര സര്‍ക്കാരിന്‍റെ പൈതൃക സ്മാരക കേന്ദ്രം ദത്തെടുക്കല്‍ പദ്ധതി പ്രകാരം വന്‍ കമ്പനികള്‍ സ്മാരക സംരക്ഷണത്തിന് ക്യൂ നില്‍ക്കുകയാണ്.
105 പൈതൃക സ്മാരകങ്ങളിലാണ് അടിസ്ഥാന സൗകര്യ വികസനത്തിന്‌ വഴിയൊരുങ്ങുന്നത്. ഇവിടെ ശുചിമുറികള്‍,കുടിവെള്ളം,അംഗ പരിമിതര്‍ക്ക് സൗകര്യം,ദീപ വിതാനം,ഭക്ഷണശാല,ശുചിത്വം, ടിക്കറ്റ് വിതരണം എന്നിവയുടെയൊക്കെ ചുമതല നടത്തിപ്പ് ലഭിക്കുന്നവര്‍ക്കാകും.
വന്‍ കമ്പനികളുടെ കോര്‍പ്പറേറ്റ് റെസ്പോണ്‍സിബിലിറ്റി പദ്ധതിയില്‍ സ്മാരക സൗഹൃദവും ഉള്‍പ്പെടുത്താം. ജിഎം ആര്‍, ഐടിസി എന്നിവരാണ് താജിനായി രംഗത്തുള്ളത്. പരിപാലനം ആര്‍ക്ക് കൈമാറുമെന്ന് വൈകാതെ നിശ്ചയിക്കും.
ഡല്‍ഹിയിലെ ജന്തര്‍ മന്ദര്‍ പരിപാലനത്തിന് രംഗത്തുള്ളത് എസ്ബി ഐ ഫൗണ്ടേഷനാണ് ഒഡിഷയിലെ സൂര്യക്ഷേത്രത്തിനു ടികെ ഇന്‍റര്‍നാഷണലാണ് രംഗത്ത്‌.
കുത്തബ്മീനാര്‍, കര്‍ണാടകയിലെ ഹമ്പി ക്ഷേത്രം,മഹാരാഷ്ട്രയിലെ അജന്താ ഗുഹ, കശ്മീരിലെ ലേ പാലസ് എന്നിവയ്ക്ക് രംഗത്തുള്ളത് യാത്ര ഓണ്‍ലൈനാണ്.
അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. പുരാവസ്തു വകുപ്പിന്‍റെ മാര്‍ഗരേഖ ലംഘിക്കുന്നെന്നു തോന്നിയാല്‍ ഏതു സമയവും കരാര്‍ റദ്ദാക്കാം.