Middle East

ആഹ്ലാദ അരങ്ങുമായി ജുമൈറ ബീച്ച് ഒരുങ്ങി

ദുബൈയിലെ ആദ്യത്തെ  ‘ആഹ്ലാദ അരങ്ങ്’  ജുമൈറ 3 ബീച്ചിൽ ഒരുങ്ങി. എല്ലാ പ്രായക്കാർക്കും ഉല്ലാസത്തിനുള്ള സൗകര്യങ്ങളോടു കൂടിയ പ്രത്യേക മേഖലയാണ് ദുബൈ മുനിസിപ്പാലിറ്റി സജ്ജമാക്കിയത്. ഉല്ലാസത്തിനായി മീൻ പിടിക്കുന്നതിനുള്ള സൗകര്യങ്ങൾ കേന്ദ്രത്തിലുണ്ട്.

625 ചതുരശ്ര മീറ്ററിൽ സജ്ജമാക്കിയ പ്രത്യേക മേഖലയിൽ 125 മീറ്റർ നീളത്തിൽ പാറകൾ പാകിയാണ് മീന്‍ പിടിത്തത്തിന് സൗകര്യമൊരുക്കിയിട്ടുള്ളത്. സൗരോർജ വിളക്കുകളോടു കൂടിയ നടപ്പാത, ശാന്തമായ അന്തരീക്ഷത്തിലുള്ള തുറന്ന ബീച്ച് ലൈബ്രറി എന്നിവയും ഒരുക്കിയിട്ടുണ്ട്.

എല്ലാ പ്രായക്കാർക്കുമുള്ള ഉല്ലാസകേന്ദ്രമാണ് സജ്ജമാക്കിയതെന്നു മുനിസിപ്പാലിറ്റി പരിസ്ഥിതി വിഭാഗം ഡയറക്ടർ ആലിയ അൽ ഹർമൌദി പറഞ്ഞു. ലൈബ്രറിയിൽ വിപുലമായ പുസ്തകശേഖരമുണ്ട്. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അൽ മംസാർ കോർണിഷ് ബീച്ച്, ജുമൈറ ബീച്ച്, ഉം സുഖൈം ബീച്ച് എന്നിവിടങ്ങളിലും ലൈബ്രറികളുണ്ട്.