News

അബദ്ധം പറ്റി: ട്രെയിന് വഴിയും തെറ്റി,സംഭവം രാജ്യ തലസ്ഥാനത്ത്

പാനിപ്പത്തില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള ഹ്രസ്വദൂര ട്രെയിന്‍, റൂട്ട് കണ്‍ട്രോളിലുണ്ടായ പിഴവു മൂലം എത്തിച്ചേര്‍ന്നത് ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനില്‍. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. ട്രെയിന്‍ നമ്പര്‍ 64464 ആണ് ന്യൂഡല്‍ഹിക്കു പകരം ഓള്‍ഡ് ഡല്‍ഹി സ്റ്റേഷനിലെത്തിയത്.
റൂട്ട് കണ്‍ട്രോളിലുണ്ടായ പിഴവാണ് സ്റ്റേഷന്‍ മാറാന്‍ കാരണമായത്. പാനല്‍ ഓപ്പറേറ്റര്‍ ന്യൂഡല്‍ഹിക്കു പകരം ഓള്‍ഡ് ഡെല്‍ഹി സ്റ്റേഷന്‍ എന്ന് സെറ്റ് ചെയ്യുകയായിരുന്നു. ട്രെയിന്‍ 7.50 ഓടെ പ്ലാറ്റ് ഫോമിലെത്തിയപ്പോഴാണ് ഡ്രൈവറും യാത്രക്കാരും സ്‌റ്റേഷന്‍ മാറിപ്പോയ കാര്യം അറിഞ്ഞതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ന്യൂഡല്‍ഹി സ്‌റ്റേഷനിലേക്ക് ട്രെയിന്‍ തിരിച്ചു വിട്ടു. പാനിപത്തിൽ നിന്ന് പുറപ്പെടുന്ന രണ്ട് ട്രെയിനുകളുടെ പേരുകള്‍ തമ്മിലുള്ള സാമ്യമാകാം പാനല്‍ ഓപ്പറേറ്റര്‍ക്ക് തെറ്റുപറ്റാന്‍ കാരണമെന്നാണ് സൂചന. പാനിപ്പത്ത്, സോനിപ്പത്ത് എന്നിങ്ങനെ രണ്ട് ട്രെയിനുകളാണ് ഒരേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നത്. ഇതില്‍ സോനിപ്പത്ത് ഓള്‍ഡ് ഡല്‍ഹിയിലേക്കുള്ളതാണ്. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി റെയില്‍വേ വക്താവ് പറഞ്ഞു.