India

ടൂറിസം മേഖലയിലെ സുരക്ഷിത റോഡ്‌ ഗതാഗതം പ്രോത്സാഹിപ്പിക്കാന്‍ ദേശീയ സമ്മേളനം

വിനോദസഞ്ചാര മേഖലയിലെ സുരക്ഷിത റോഡ്‌ ഗതാഗത്തെ പ്രോത്സാഹിപ്പിക്കാന്‍ ഡല്‍ഹിയില്‍ രണ്ടുദിവസത്തെ ദേശീയ സമ്മേളനം സംഘടിപ്പിക്കുന്നു. ഈ മാസം 29, 30 തിയ്യതികളില്‍ നടക്കുന്ന പരിപാടി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം ഉദ്ഘാടനം ചെയ്യും.

നൂറോളം റോഡ്‌ സുരക്ഷാ വിദഗ്ദര്‍, വിനോദ സഞ്ചാര മേഖലയിലെ റോഡ്‌ ഗതാഗത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥര്‍, ഐക്യരാഷ്ട്ര സഭ പ്രതിനിധികള്‍ പങ്കെടുക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം, കേന്ദ്ര ടൂറിസം മന്ത്രാലയം എന്നിവയുടെ നേതൃത്വത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോഡ്‌ ട്രാഫിക് എജ്യൂക്കേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സുരക്ഷിത ഗതാഗതം വിനോദസഞ്ചാര മേഖലയ്ക്കു അത്യന്താപേക്ഷിതമാണ്. സുരക്ഷിതമായ ഗതാഗത മാർഗങ്ങൾ ലഭ്യമാക്കുന്നതിലൂടെ വിനോദസഞ്ചാരിക്ക് രാജ്യത്തിന്‌ മുകളിലുള്ള വിശ്വാസം വർദ്ധിക്കും. ഇത് ടൂറിസം മേഖലയെ സഹായിക്കും. 2017 ൽ ഇന്ത്യയിൽ വിദേശ വിനോദ സഞ്ചാരികളുടെ വരവ് പത്തു മില്ല്യന്‍ കടന്നു. സുരക്ഷിതമായ ഗതാഗത സംവിധാനത്തിലൂടെ ഇന്ത്യയിലേയ്ക്ക് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാഫിക് എജ്യുക്കേഷൻ പ്രസിഡന്‍റ്  ഡോ. രോഹിത് ബാലുജ പറഞ്ഞു.

റോഡ്‌ ഗതാഗതം, സുരക്ഷ, അന്താരാഷ്‌ട്ര ഡ്രൈവിംഗ് ലൈസന്‍സ്, ഡ്രൈവര്‍മാര്‍ക്ക് ട്രെയിനിംഗ് കൊടുക്കേണ്ടതിന്‍റെ ആവശ്യകത, സഞ്ചാരികളോടുള്ള ഇടപഴകള്‍, വിനോദ സഞ്ചാര സ്ഥലങ്ങളിലെ മോഷണങ്ങള്‍ തുടങ്ങിയവ ദ്വിദിന പരിപാടിയില്‍ ചര്‍ച്ചചെയ്യും.