India

ശതാബ്ദി ട്രെയിനുകളുടെ നിരക്ക് കുറയ്ക്കുന്നു

യാത്രക്കാര്‍ കുറവുള്ള ശതാബ്ദി ട്രെയിനുകളിലെ യാത്രാനിരക്ക് കുറയ്ക്കാന്‍ റെയില്‍വെ ഒരുങ്ങുന്നു. സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള റെയില്‍വേയുടെ ശ്രമത്തിന്‍റെ ഭാഗമായാണ് നീക്കം. നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കുന്നതിനു 25 ശതാബ്ദി ട്രെയിനുകള്‍ റെയില്‍വെ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

രണ്ട് റൂട്ടുകളില്‍ കഴിഞ്ഞവര്‍ഷം നിരക്ക് കുറച്ച് നടത്തിയ പരീക്ഷണത്തില്‍ വരുമാനം 17 ശതമാനം വര്‍ധിച്ചതായും ബുക്കിങ് 63 ശതമാനം വര്‍ധിച്ചതായും കണ്ടെത്തിയിരുന്നു. ന്യൂഡല്‍ഹി – അജ്മീര്‍, ചെന്നൈ- മൈസൂര്‍ റൂട്ടുകളിലായിരുന്നു നിരക്ക് കുറച്ചുള്ള പരീക്ഷണം. ഇതില്‍ റെയില്‍വേ വിജയിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് നിരക്ക് കുറയ്ക്കാനുള്ള തീരുമാനമെടുക്കുന്നത്.

രാജ്യത്തെ ഏറ്റവും വേഗത്തിലോടുന്ന ട്രെയിനുകളാണ് ശതാബ്ദി. ഈ വിഭാഗത്തില്‍ 45 ട്രെയിനുകള്‍ ഓടുന്നുണ്ട്. ശതാബ്ദി എക്സ്പ്രസ് തീവണ്ടി കേരളത്തിനും അനുവദിക്കാന്‍ റെയില്‍വേ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. വണ്ടി ഓടിത്തുടങ്ങുന്ന തിയ്യതി തീരുമാനിച്ചിട്ടില്ല. തിരുവനന്തപുരത്തുനിന്ന് രാവിലെ ആറുമണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ കണ്ണൂരിലെത്തുന്ന വിധമാണ് സമയക്രമീകരണം.