Middle East

നഴ്സിംഗ് മേഖലയിലും സ്വദേശിവല്‍ക്കരണം: സൗദിയില്‍ മലയാളി നഴ്സുമാര്‍ ആശങ്കയില്‍

സ്വദേശിവല്‍ക്കരണം ശക്തമാക്കുന്ന സൗദി അറേബ്യയില്‍ മലയാളി നഴ്‌സുമാരും പിരിച്ചുവിടല്‍ ഭീഷണിയില്‍. സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നു രേഖപ്പെടുത്തിയിരിക്കണമെന്ന പുതിയ നിയമഭേദഗതിയാണ് നഴ്സുമാരെ ആശങ്കയിലാക്കിയത്.

ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ് എന്ന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കു മാത്രമേ ജോലി പെര്‍മിറ്റ് പുതുക്കിനല്‍കൂ എന്നാണ് പുതിയ നിര്‍ദേശം. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്‌സ് പാസായ മലയാളി നഴ്‌സുമാരില്‍ 2005നുമുമ്പ് പരീക്ഷ പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയിട്ടില്ല. ഇവരെയാണ് നിയമം ബാധിക്കുക.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവര്‍ക്ക് ഇതു പ്രശ്‌നമാകും. 2005നു മുമ്പ് ജോലിക്കു കയറിയവരെ പിരിച്ചുവിടാനുള്ള സാധ്യതയുമുണ്ട്. നിയമത്തില്‍ മന്ത്രാലയം ഉറച്ചുനിന്നാല്‍ പിരിച്ചുവിടേണ്ടിവരുമെന്ന സൂചന ആശുപത്രി അധികൃതരും നഴ്‌സുമാര്‍ക്ക് നല്‍കിയിട്ടുണ്ട്.

അതേസമയം, മലയാളി നഴ്‌സുമാര്‍ വിദേശകാര്യ മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കി വിഷയം കേന്ദ്ര സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. പ്രതിസന്ധി രൂക്ഷമാകുന്നതിനു മുമ്പ് സര്‍ക്കാര്‍ ഇടപെടണമെന്നാണ് നഴ്സുമാരുടെ ആവശ്യം.