Aviation

ചെന്നൈ-സേലം വിമാന സര്‍വീസ് ആരംഭിച്ചു

ഉഡാന്‍ പദ്ധതിയില്‍ സേലം വിമാനത്താവളത്തിന് പുനര്‍ജ്ജന്മം. ഏഴു വര്‍ഷമായി പ്രവര്‍ത്തനരഹിതമായിരുന്ന സേലം വിമാനത്താവളത്തിലേയ്ക്ക് ചെന്നൈയില്‍ നിന്നും സര്‍വീസ് ആരംഭിച്ചു. ട്രൂ ജെറ്റ് നടത്തുന്ന സര്‍വീസ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉദ്ഘാടനം ചെയ്തു.

സേലത്തിന്‍റെ വാണിജ്യ പുരോഗതിക്കു വിമാന സർവീസ് ഉപകരിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചെറുനഗരങ്ങളെ പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനു കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി.

കിങ്ഫിഷർ എയർലൈൻസ് സർവീസ് 2011ൽ അവസാനിപ്പിച്ചതോടെയാണു സേലം വിമാനത്താവളം പ്രവർത്തനരഹിതമായത്. തിരുപ്പൂർ, നാമക്കൽ, ഈറോഡ് ജില്ലകളിലെ യാത്രക്കാർക്കു സേലം വിമാനത്താവളത്തിന്‍റെ പ്രയോജനം ലഭിക്കും.

എ.ടി.ആർ 72–600 വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. 72 യാത്രക്കാരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കെല്‍പ്പുള്ള ചെറുവിമാനമാണിത്. രാവിലെ 9.50ന് ചെന്നൈയിൽനിന്നു പുറപ്പെട്ട് 10.40ന് സേലത്ത് എത്തും. മടക്കയാത്ര 11ന് സേലത്ത് നിന്നു പുറപ്പെട്ട് 11.50ന് ചെന്നൈയിൽ എത്തും. 1499 രൂപയിലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്.