Auto

റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ മിഡില്‍ വെയിറ്റ് ബൈക്കുകള്‍ ഇന്ത്യയില്‍ ഉടന്‍

മിഡിൽ വെയിറ്റ് ക്യാറ്റഗറിയിലേയ്ക്ക് റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന ബൈക്കുകൾ ഈ വർഷം ഇന്ത്യയിലെത്തും. അടുത്തിടെ ഓസ്ട്രേലിയയിൽ പ്രദർശിപ്പിച്ച വാഹനത്തിന്‍റെ അവിടുത്തെ വില ഇന്‍റർസെപ്റ്ററിന് എകദേശം 5 ലക്ഷം രൂപയും കോണ്ടിനെന്‍റൽ ജി.ടിക്ക് 4.5 ലക്ഷം രൂപയുമാണ്. എന്നാൽ ഇന്ത്യയിൽ പുറത്തിറങ്ങുമ്പോള്‍ ബൈക്കുകൾക്ക് വില കുറയും.

റോയൽ എൻഫീൽഡ് പുറത്തിറക്കുന്ന പാരലൽ ട്വിൻ എൻജിനുമായാണ് ബൈക്കുകൾ വിപണിയിൽ എത്തുക. എൻഫീൽഡിന്‍റെ തന്നെ ഇന്‍റർസെപ്റ്റർ മാർക്ക് 1 നെ അനുസ്മരിപ്പിച്ചാണ് പുതിയ ഇന്‍റർസെപ്റ്ററിനെ പുറത്തിറക്കിയിരിക്കുന്നത്. 2013ൽ എൻഫീൽഡ് പുറത്തിറക്കിയ കഫേ റേസർ ബൈക്ക് കോണ്ടിനെന്‍റൽ ജി.ടിയുടെ രൂപവും ഭാവവുമാണ് പുതിയ ജി.ടിക്ക്. ഇരുബൈക്കുകൾക്കും പുതിയ എൻജിനാണ് ഉപയോഗിക്കുന്നത്.

648 സിസി കപ്പാസിറ്റിയുള്ള പാരലൽ ട്വിൻ എയർ കൂൾഡ് എൻജിൻ 7100 ആർ.പി.എമ്മിൽ‌ 47 ബി.എച്ച്.പി കരുത്തും 4000 ആർ.പി.എമ്മിൽ 52 എൻ.എം ടോർക്കുമേകും. യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്‍ററും ചെന്നൈയിലെ ടെക്നിക്കൽ സെന്‍ററും സംയുക്തമായാണ് പുതിയ എൻജിൻ വികസിപ്പിച്ചത്. 130–140 കിലോമീറ്റർ വേഗതയിൽ ക്രൂസ് ചെയ്യാൻ ബൈക്കുകള്‍ക്ക് സാധിക്കും. ഇന്ത്യ, യുഎസ്എ, കൊളംബിയ, ബ്രസീല്‍ എന്നീ രാജ്യങ്ങൾക്കു പുറമെ യൂറോപ്പിലും സൗത്ത് ഈസ്റ്റ് ഏഷ്യയിലും പുതിയ ബൈക്ക് വിൽപ്പനക്കെത്തും.