Kerala

രാത്രിയാത്ര ബുദ്ധിമുട്ടാവില്ല; ഇറങ്ങേണ്ടിടത്ത് ബസ് നിര്‍ത്തും

സ്‌കാനിയ, വോള്‍വോ ഉള്‍പ്പടെയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ രാത്രികാലങ്ങളില്‍ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന് പുതിയ ഉത്തരവ്. മിന്നല്‍ സര്‍വീസിനെ പുതിയ ഉത്തരവില്‍ നിന്ന് ഒഴിവാക്കി.

രാത്രി ഒന്‍പതു മുതല്‍ രാവിലെ ആറു വരെ യാത്രക്കാര്‍ക്ക് സുരക്ഷിതമായ സ്ഥലങ്ങളില്‍ ബസ് നിര്‍ത്തണമെന്നാണ് ഗതാഗത വകുപ്പിന്‍റെ ഉത്തരവ്. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്‌കാനിയ,സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ സര്‍വീസുകളും സര്‍ക്കുലര്‍ പ്രകാരം യാത്രക്കാരുടെ ആവശ്യാനുസരണം സ്റ്റോപ്പുകളില്‍ നിര്‍ത്തേണ്ടി വരും.

നിലവില്‍ ഫെയര്‍ ചാര്‍ജ് അനുസരിച്ചും ഗതാഗത വകുപ്പ് മുന്നോട്ടുവച്ച മാനദണ്ഡങ്ങള്‍ പ്രകാരവുമാണ് ദീര്‍ഘദൂര ബസുകള്‍ സര്‍വീസ് നടത്തുന്നത്.

സ്റ്റോപ്പുകള്‍ പരിമിതപ്പെടുത്തി രാത്രിമാത്രം ഓടിക്കുന്ന സ്റ്റേജ് ക്യാരേജ് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ക്ലാസ് സര്‍വീസാണ് മിന്നല്‍. ഇവയുടെ സ്റ്റോപ്പുകള്‍ സംബന്ധിച്ച് ഓണ്‍ലൈനിലും അല്ലാതെയും വിവരം ലഭ്യമാകാന്‍ സാധിക്കും എന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
റൂള്‍ 206 പ്രകാരം സൂപ്പര്‍ ഡീലക്സ് ശ്രേണിയില്‍പെട്ട മിന്നലിന് ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രമാണ് സ്റ്റോപ്പ്. സുരക്ഷിതത്വം കണക്കിലെടുത്ത് രാത്രികാലങ്ങളില്‍ സ്ത്രീ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്റ്റോപ്പുകളില്‍ നിര്‍ത്തിക്കൊടുക്കണമെന്ന വ്യവസ്ഥ മിന്നലിന് ബാധകമല്ല.

മോട്ടോര്‍വാഹന നിയമത്തിലെ അധ്യായം ആറ് പ്രകാരം സൂപ്പര്‍ ഡീലക്സ് ബസുകളുടെ പെര്‍മിറ്റുകളില്‍ സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് അധികാരമുണ്ട്. ഇതുപ്രകാരമാണ് മിന്നല്‍ ബസുകള്‍ക്ക് പ്രത്യേക ചട്ടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ബംഗ്ലൂര്‍-തിരുവനന്തപുരം സര്‍വീസ് നത്തുന്ന സ്‌കാനിയ ബസുകള്‍ക്ക് പുതിയ ചട്ടപ്രകാരം അധികസമയമെടുത്ത് സര്‍വീസ് നടത്തേണ്ടി വരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്