News

ഇന്ത്യ-വിന്‍ഡീസ് ഏകദിനം കൊച്ചിയിലോ..? തിരുവനന്തപുരത്തോ..?

ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം എവിടെ നടത്തണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. കലൂർ സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ വിളിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍റെയും കേരളാ ബ്ലാസ്റ്റേഴ്സിന്‍റെയും യോഗത്തിലാണ് വേദിയുടെ കാര്യത്തില്‍ തീരുമാനമാവാത്തത്. കലൂരില്‍ ക്രിക്കറ്റും ഫുട്ബോളും നടത്താം എന്നാണു യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ജി.സി.ഡി.എ അറിയിച്ചത്. വിദഗ്ദാഭിപ്രായത്തിനു ശേഷമായിരിക്കും തീരുമാനം.

കൊച്ചിയില്‍ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടത്തണമെന്നു പറയാനാകില്ലെന്നും ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍ മോഹനന്‍ പറഞ്ഞു. ഇവ രണ്ടും കൊച്ചിയിൽ നടത്താമെങ്കിൽ നടത്തണമെന്നാണു നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബോളിനു തടസ്സമില്ലെങ്കിൽ കലൂർ സ്റ്റേഡിയത്തിൽ തന്നെയാകും ഏകദിനം നടക്കുകയെന്ന് കെ.സി.എയും കേരള ഫുട്ബോൾ അസോസിയേഷനും അറിയിച്ചു.

എന്നാല്‍ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് നടത്താനാണ് ബി.സി.സി.ഐയുടെ നിര്‍ദേശം. മത്സരം കൊച്ചിയിലേയ്ക്ക് മാറ്റാനുള്ള കെ.സി.എയുടെ തീരുമാനത്തില്‍ എതിര്‍പ്പുകളും രോഷവും ഫലംകണ്ടതോടെയാണ് ഏകദിനം തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലേയ്ക്ക് മാറ്റം എന്ന തീരുമാനത്തില്‍ ബി.സി.സി.ഐ എത്തിയത്.

കലൂർ സ്റ്റേഡിയത്തിൽ പുതിയ ക്രിക്കറ്റ് പിച്ച് നിർമിക്കുന്നതിനായി ഫുട്ബോൾ മൈതാനത്തില്‍ മാറ്റം വരുത്തുന്നതില്‍ ഫുട്ബോൾ പ്രേമികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സച്ചിന്‍ തെണ്ടുല്‍ക്കറും ശശി തരൂര്‍ എം.പിയുമടക്കമുള്ളവര്‍ കെ.സി.എയുടെ നിലപാടില്‍ പ്രധിഷേധമറിയിച്ചിരുന്നു. കൊച്ചിയില്‍ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടക്കട്ടെ എന്ന നിലപാടാണ് സച്ചിന്‍ അറിയിച്ചത്. കലൂരില്‍ ക്രിക്കറ്റ് നടത്തണമെന്ന വാശിയില്ലെന്നു കെ.സി.എയും അറിയിച്ചു.

അതേസമയം ഫുട്ബോള്‍ ലോകകപ്പിനായി നവീകരിച്ച കലൂർ സ്റ്റേഡിയത്തിൽ പുതിയ പിച്ച് നിർമിക്കാതെ ക്രിക്കറ്റ് കളിക്കാനാവില്ല. ക്രിക്കറ്റ് പിച്ച് നിര്‍മിക്കാന്‍ സ്റ്റേഡിയം കുത്തിപ്പൊളിക്കേണ്ടിവരും. ബ്ലാസ്റ്റേഴ്സ് താരങ്ങളായ ഇയാൻ ഹ്യൂമും സി കെ വിനീതും റിനോ ആന്‍റോയും ഫുട്ബോൾ ടർഫ് പൊളിക്കുന്നതിനെതിരേ ശക്തമായി രംഗത്തെത്തിയിരുന്നു.