Kerala

അനധിക‍ൃത ട്രെക്കിംഗ്, ടെന്‍റ് ക്യാംപിങ്, ഏറുമാടങ്ങളിലെ താമസം എന്നിവ നിരോധിച്ച് ഉത്തരവ്

ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അനധികൃത ട്രെക്കിംഗ്, ടെന്‍റ് ക്യാംപിംഗ്, ഏറുമാടങ്ങളില്‍ സഞ്ചാരികളെ പാര്‍പ്പിക്കല്‍ എന്നിവ കര്‍ശനമായി നിരോധിച്ച് ദേവികുളം സബ് കലക്ടര്‍ ഉത്തരവിറക്കി.

കുരങ്ങിണി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ടൂറിസം കേന്ദ്രങ്ങളിലെ ട്രക്കിങ്ങിനു സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വനസ്വഭാവമുള്ള റവന്യൂ സ്ഥലങ്ങളില്‍ സ്വകാര്യ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ മലകയറ്റവും ടെന്‍റ് ക്യാംപിങ്ങും സജീവമായിരുന്നു. മൂന്നാറിലെ ചൊക്രമുടി, ലക്ഷ്മി മലനിരകൾ, പാർവതി മല തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.

വനഭൂമിയോട് ചേർന്ന് കിടക്കുന്നതും വന സ്വഭാവമുള്ളതുമായ സ്ഥങ്ങളുടെ പട്ടിക തയാറാക്കി നൽകാൻ കലക്ടർ ജില്ലാ ദുരന്തനിവാരണ സമിതി യോഗത്തിൽ തഹസിൽദാർമാർക്ക് നിർദേശം നൽകിയിരുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തിനും ഉരുൾപൊട്ടലിനും കാറ്റിനും സാധ്യതയുള്ള പ്രദേശങ്ങളിൽ യാതൊരു സുരക്ഷാ സജ്ജീകരണങ്ങളും പാലിക്കാതെയാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്.

രേഖകൾ പ്രകാരം റവന്യു ഭൂമിയായതിനാൽ ഇത്തരം സ്ഥലങ്ങളിൽ നടക്കുന്ന അനധികൃത ട്രെക്കിങ്ങിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ വനം വകുപ്പിനു സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇവിടങ്ങളിലേയ്ക്കുള്ള വിനോദ സഞ്ചാരം കര്‍ശനമായി നിരോധിച്ച് ഉത്തരവിറക്കിയിരിക്കുന്നത്.