News

വാഹനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നീക്കം

ഹൈവേ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ എല്ലാ വാഹനങ്ങളും ഉടമകളുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാന്‍ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഹൈവേ സുരക്ഷാ സമിതി ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പറാണ് അതത് ഉടമകളുടെ ആധാറുമായി ബന്ധിപ്പിക്കേണ്ടി വരിക.

ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ്  ഡയറക്ടറായ എ.പി മഹേശ്വരിയുടെ നേതൃത്വത്തില്‍ ഹൈവേ സുരക്ഷയ്ക്കായി 2017 ജൂലായില്‍ രൂപം നല്‍കിയ സമിതിയാണ് ഇങ്ങനെയൊരു നിര്‍ദേശം മുന്നോട്ടുവച്ചത്.
ഹൈവേകളില്‍ വര്‍ധിച്ചുവരുന്ന മാവോയിസ്റ്റ് ഭീകരാക്രമണം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, മോഷണം, വാഹനാപകടങ്ങള്‍ എന്നിവ തടയുന്നതിനാണ് വാഹനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത്.

കേന്ദ്ര ഗതാഗത വകുപ്പിലേയും ആഭ്യന്തര മന്ത്രാലയത്തിലേയും പ്രതിനിധികളും പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, തമിഴ്‌നാട്, ആസാം എന്നീ ആറ് സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരും ഉള്‍പ്പെട്ടതാണ് സുരക്ഷാ സമിതി. രജിസ്‌ട്രേഷന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നേരിട്ടുള്ള ഒരു ശുപാര്‍ശ സമിതി നല്‍കിയിട്ടില്ല. കേന്ദ്ര തലത്തില്‍ പ്രത്യേക സെന്‍ട്രല്‍ റിപോസിറ്ററി ബോഡി രൂപീകരിച്ച് അതിനു കീഴില്‍ രാജ്യവ്യാപകമായി ആധാറുമായി ബന്ധിപ്പിച്ച വാഹന വിവരങ്ങള്‍ ശേഖരിച്ചവയ്ക്കാനാണ് സമിതി നിര്‍ദേശം നല്‍കിയത്.