News

സാമൂഹ്യ മാധ്യമങ്ങള്‍ ടൂറിസത്തെ സ്വാധീനിക്കുന്നു; കണ്ണന്താനം

സാമൂഹ്യ മാധ്യമങ്ങളുടെ വളര്‍ച്ച വിനോദ സഞ്ചാര മേഖലയുടെ പുരോഗതിയെ സ്വാധീനിച്ചെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം. വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ സാമൂഹ്യ മാധ്യമങ്ങള്‍ സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പന്ത്രണ്ടാമത് യു.എൻ.ഡബ്ള്യു.ടി.ഒ ഏഷ്യ-പസഫിക് എക്സിക്യൂട്ടീവ് പരിശീലന പരിപാടി കോവളം ലീല ഹോട്ടലില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഐ.ടി.ബി ബെർലിനിൽ നടന്ന ട്രാവൽ മാർട്ടിന്‍റെ പ്രൊമോഷണൽ വീഡിയോ പന്ത്രണ്ടു ദിവസം കൊണ്ട് പതിനേഴ് ദശലക്ഷം പേരാണ് കണ്ടത്.  കഴിഞ്ഞ വർഷം ഇന്ത്യ സന്ദർശിച്ച 10  ദശലക്ഷം ആളുകളിൽ 10  ലക്ഷം പേരാണ് ഇ-വിസ തിരഞ്ഞെടുത്തത് . അത്  ഈ വർഷം അത് 30 ലക്ഷത്തിലേക്ക്  എത്തുമെന്നാണ്   പ്രതീക്ഷയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

യു.എൻ.ഡബ്ള്യു.ടി.ഒയുടെ പ്രവർത്തന വിഭാഗമായ റീജ്യണൽ പ്രോഗ്രാം ഫോർ ഏഷ്യ ആൻഡ് പസഫിക്കിന്‍റെ ആഭിമുഖ്യത്തിൽ സംസ്ഥാന- കേന്ദ്ര ടൂറിസം വകുപ്പുകളുടെ ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. 21വരെയാണ് പരിശീലനം.സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.   ‘ടൂറിസവും സാങ്കേതികതയും’ എന്ന പ്രമേയത്തിലാണ് ഈ വര്‍ഷം പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

ടൂറിസത്തിന്‍റെ പ്രൊമോഷനും വ്യവസായത്തിനുമായി കേരള ടൂറിസം എപ്പോഴും സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗപെടുത്തിയിട്ടുണ്ടെന്ന് കടകംപള്ളി പറഞ്ഞു.  ഉത്തരവാദിത്ത ടൂറിസത്തിൽ ഊന്നിയുള്ള ടൂറിസം വികസനങ്ങൾക്കാണ് കേരള ടൂറിസം പ്രാധാന്യം  നൽകുന്നത്. ഇതിലൂടെ തദ്ദേശീയരായവർക്കും  ടൂറിസം മേഖലയിൽ നിന്നും  വരുമാനം ഉണ്ടാകുന്നതാണ് സർക്കാർ ലക്ഷ്യം. ഇന്ത്യയിൽ ടൂറിസം വെബ് സൈറ്റ് സ്വന്തമായി ഉണ്ടാക്കിയ  ആദ്യത്തെ സംസ്ഥാനം കേരളമാണ്,  കൂടാതെ സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണം  ആദ്യമായി തുടങ്ങിയതും  കേരളമാണെന്നും  മന്ത്രി പറഞ്ഞു.

ലോകത്തുടനീളം യാത്ര ചെയ്ത വിനോദസഞ്ചാരികളുടെ എണ്ണം 2017ൽ 7 ശതമാനം ഉയർന്നതായി ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഡബ്ല്യൂ.എൻ.ഡബ്ലയു.ടി.ഒ. ഏഷ്യ ആൻഡ് പെസഫിക് റീജ്യണൽ പോഗ്രാം ഡയറക്ടർ സൂ ജിംങ് പറഞ്ഞു. ടൂറിസം രംഗത്ത് 2010 നു ശേഷമുള്ള മികച്ച ഉയർച്ചയാണിത്. ഇതിന് പ്രധാന പങ്കുവഹിക്കുന്നത് ഏഷ്യ പസിഫിക് വിഭാഗമാണ്. ഏഷ്യ പസിഫിക് വിഭാഗത്തിൽ 15 ശതമാനത്തിലെ വളർച്ചയിൽ ഇന്ത്യയാണ് മുന്നിൽ നിൽക്കുന്നത്. ശാസ്ത്രീയ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്ന രാജ്യമായ ഇന്ത്യ ഇത്തരത്തിലുള്ള പരിപാടി നടത്തുവാൻ ഉചിതമായ ഇടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഏഷ്യ-പസഫിക് മേഖലയിലെ ടൂറിസം വളർച്ചക്ക് വഴിയൊരുക്കാൻ ദേശീയതലത്തിൽ ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന ഭരണ നിർവാഹകരിൽ അവബോധം വളർത്തുക, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനം, മാനേജ്മെന്‍റ് നവീകരണ പ്രവർത്തനങ്ങളിൽ സാങ്കേതിക വിദ്യ ഉപയോഗം വിപുലമാക്കാൻ ദേശീയ ടൂറിസം ഭരണ നിർവാഹകരെ സജ്ജമാക്കുക, ടൂറിസം സ്ഥലങ്ങളെ കുറിച്ചുള്ള മാർക്കറ്റിങ്ങ് തുടങ്ങി വിവിധ രംഗങ്ങളില്‍ കൂടുതൽ അവബോധം വളർത്തുകയാണ്  പരിശീലന പരിപാടിയുടെ ലക്ഷ്യം.