Aviation

ബോയിംഗ് മാക്സ് വിമാനങ്ങള്‍ ഇനി ഇന്ത്യയില്‍ നിന്നും പറക്കും

ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ ഇന്ത്യയിലെത്തുന്നു. ജെറ്റ് എയര്‍വേയ്സും സ്പൈസ് ജെറ്റും ഓര്‍ഡര്‍ ചെയ്തിട്ടുള്ള മാക്സ് വിമാനങ്ങള്‍ സെപ്റ്റംബറോടെ യാത്രയ്ക്ക് ഉപയോഗിച്ചു തുടങ്ങും. അതിനൂതന സാങ്കേതിക വിദ്യകളാണ് മാക്സ് വിമാനത്തില്‍ ഉപയോഗിക്കുന്നത്. മാക്സ് ഏഴ്, എട്ട്, ഒമ്പത്, പത്ത് എന്നീ നാലു മോഡലുകളാണ് ബോയിങ് പുറത്തിറക്കിയിരിക്കുന്നത്.

മാക്സ് ഏഴില്‍ 138 മുതൽ 153 പേര്‍ക്ക് യാത്ര ചെയ്യാം. മാക്സ് എട്ടില്‍ 162 മുതല്‍ 178 വരെ ആളുകള്‍ക്ക് യാത്ര ചെയ്യാം. മാക്സ് ഒമ്പതില്‍ 178 മുതല്‍ 193 വരെ സീറ്റുകള്‍ ഉണ്ടാകും. മാക്സ് പത്തില്‍ 184 മുതല്‍ 204 വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. മാക്സ് ഏഴിന് 7130 കിലോമീറ്ററും എട്ടിനും ഒമ്പതിനും 6570 കിലോമീറ്ററും പത്തിന് 6110 കിലോമീറ്ററും നിര്‍ത്താതെ പറക്കാം.

മുകളിലോട്ടും താഴോട്ടേക്കും വിടരുന്ന ചിറകറ്റമാണ് മാക്സ് വിമാനങ്ങളുടെ പ്രത്യേകതകളിലൊന്ന്. സിഎഫ്എം ലീപ് 1 ബി എൻജിനുകളാണ് വിമാനത്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷമാണ് യൂറോപ്യൻ ഏവിയേഷൻ സുരക്ഷാ ഏജൻ‌സിയുടെയും യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെയും സർട്ടിഫിക്കേഷൻ നേടി ഈ എൻജിനുകൾ വാണിജ്യ യാത്രാ വിമാനങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങിയത്.

കോക്പിറ്റ് ആധുനിക സവിശേഷതകളും നിറഞ്ഞതാണ്. പുതിയ 15 ഇഞ്ച് വലിയ സ്ക്രീൻ ഡിസ്പ്ലേ പൈലറ്റിന്‍റെ ആയാസം പരമാവധി കുറയ്ക്കും. അധിക വിവരങ്ങൾ ഒരേ സമയം ലഭ്യമാക്കുന്നതിന് വലിയ മോണിറ്ററുകൾ പ്രയോജനപ്പെടും. ഇതേ വലുപ്പമുള്ള മറ്റു വിമാനങ്ങളേക്കാൾ ഏതാണ്ട് 15 % വരെ ഇന്ധനക്ഷമത മാക്സ് വിമാനങ്ങൾക്കുണ്ടെന്ന് ബോയിങ് അവകാശപ്പെടുന്നു. ഇതു മൂലം പ്രവർത്തനച്ചെലവിൽ എട്ടു ശതമാനം വരെ കുറവുണ്ടാകുമെന്നും ബോയിങ് ചൂണ്ടിക്കാട്ടുന്നു. കാർബൺ പുറന്തള്ളലും താരതമ്യേന കുറവാണ്.

മലിൻഡോ ആണ് മാക്സ് വിമാനങ്ങൾ ആദ്യമായി സർവീസിന് ഉപയോഗിച്ചു തുടങ്ങിയത്. ഫ്ലൈ ദുബൈ, സിൽക് എയർ തുടങ്ങി നിരവധി വിമാനക്കമ്പനികൾ മാക്സ് വിമാനങ്ങൾ ഇപ്പോൾ സർവീസിന് ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇവയൊന്നും ഇന്ത്യയിലേക്കുള്ള സർവീസുകൾക്ക് ഇതുപയോഗിക്കുന്നില്ല.