Kerala

വടശ്ശേരി അമ്മവീട് ഇനി വിനോദ സഞ്ചാരികളുടെ വിശ്രമകേന്ദ്രം

വടശ്ശേരി അമ്മ വീട് ഇനി സഞ്ചാരികള്‍ക്കായി തുറക്കും. പടിഞ്ഞാറേകോട്ടയ്ക്കു സമീപം തിരുവിതാംകൂർ രാജചരിത്രവുമായി അടുത്തുകിടക്കുന്ന അമ്മവീടാണ് സഞ്ചാരികള്‍ക്ക് വിരുന്നും വിശ്രമവും ഒരുക്കുന്ന ഇടമായി മാറുന്നത്. 23 മുതൽ പത്മവിലാസം പാലസ് എന്ന പേരിൽ നക്ഷത്ര സൗകര്യങ്ങളോടുകൂടിയ റിസോർട്ടായി വടശ്ശേരി അമ്മ വീട് മാറും.

150 വർഷത്തിലേറെ പഴക്കമുള്ള വീട് ആയില്യം തിരുനാൾ മഹാരാജാവിന്‍റെ കാലത്താണ് നിർമിച്ചത്. അക്കാലത്തു കൊട്ടാരം ദിവാനായിരുന്ന ശങ്കരൻ തമ്പിയുടെ മേൽനോട്ടത്തിലായിരുന്നു നിർമാണം. കെട്ടിടത്തിന്‍റെ രൂപരേഖയും തയ്യാറാക്കിയത് അദ്ദേഹമായിരുന്നു. വടശ്ശേരി വീട് പിൽക്കാലത്തു ശങ്കരൻ തമ്പിയിൽ നിന്നും വർമ ട്രാവൽസ് ഉടമ പി.കെ.പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലെത്തി. ഇദ്ദേഹത്തിന്‍റെ ചെറുമകൾ അർച്ചനയാണ് നിലവിൽ വടശ്ശേരി വീടിന്‍റെ ഉടമസ്ഥ. അർച്ചനയുടെ ഭർത്താവും ചലച്ചിത്ര സംവിധായകനുമായ ദീപു കരുണാകരനാണ് വീട് ടൂറിസ്റ്റ് വിശ്രമ കേന്ദ്രമാക്കാം എന്നാ ആശയത്തിനു പിന്നിൽ.

മുകളിലെത്തെ നിലയിലെ രണ്ട് ഹാളുകൾ രണ്ടു വിശാലമായ മുറികളാക്കി മാറ്റി അതിഥികൾക്കു താമസിക്കാൻ അവസരമൊരുക്കും. താഴത്തെ നിലയിൽ വിശാലമായ ഭക്ഷ്യശാല ഒരുക്കും. താലി വിഭവങ്ങൾ ചേർത്തുള്ള ഭക്ഷണമാകും അതിഥികള്‍ക്ക് വിളമ്പുക. ഉച്ചയ്ക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിവേദ്യം ഉൾപ്പെടെ സദ്യ. ഒരേ സമയം 30 പേർക്കു ഭക്ഷണം കഴിക്കാം. ഭക്ഷണം മുൻകൂട്ടി ബുക്ക് ചെയ്യണം. ഒരു മാസത്തിനു ശേഷം രാത്രിയിലും ഭക്ഷണം ഒരുങ്ങും. നിലവിൽ രണ്ട് കുടുംബങ്ങള്‍ക്ക് മാത്രമാണ് താമസിക്കാനുള്ള സൗകര്യമുള്ളത്. ഇത് പിന്നീട് വിപുലമാക്കും.