News

ഊബര്‍, ഒല ടാക്സികള്‍ പണിമുടക്കുന്നു

ഊബർ, ഒല ഡ്രൈവർമാർ ഇന്ന് അർധരാത്രി മുതൽ അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്. മുംബൈ, ഡല്‍ഹി, ബാംഗ്ലൂര്‍, പൂണെ, ഹൈദരാബാദ് എന്നീ നഗരങ്ങളിലെ ഊബര്‍, ഒല ടാക്സികളാണ് പണിമുടക്കുന്നത്. മഹാരാഷ്ട്ര നവ നിർമാൺ സേനയുടെ ടാക്‌സി യൂണിയൻ ആഹ്വാനം നൽകിയ പണിമുടക്കിന് മറ്റു യൂണിയനുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ആപ് അധിഷ്ഠിത ടാക്സികൾ ചുരുങ്ങിയ കാലംകൊണ്ടാണു ജനപ്രിയ യാത്രാ സംവിധാനമായി മാറിയത്. ഇത്തരത്തില്‍ ഏകദേശം മുപ്പതിനായിരത്തില്‍ കൂടുതല്‍ ക്യാബുകള്‍ ഓരോ നഗരത്തിലുമുണ്ട്. ഓഫിസിലേക്കും മറ്റുമുള്ള പതിവു യാത്രയ്ക്കു വരെ സ്വന്തം വാഹനം ഒഴിവാക്കി ഇവയെ ആശ്രയിക്കുന്നവരുണ്ട്. ഊബർ, ഒല കമ്പനികൾ വലിയ വാഗ്ദാനങ്ങൾ നൽകി ഡ്രൈവർമാരെ വഞ്ചിച്ചിരിക്കുകയാണെന്ന് സമരത്തിന് ആഹ്വാനം ചെയ്ത മഹാരാഷ്ട്ര നവനിർമാൺ സേനയുടെ യൂണിയൻ നേതാവ് സഞ്ജയ് നായിക് പറഞ്ഞു.

അഞ്ചു ലക്ഷം മുതൽ ഏഴു ലക്ഷം വരെ രൂപ മുടക്കി കാർ വാങ്ങിയ ഡ്രൈവർമാർക്കു മുടക്കുമുതൽ പോലും തിരിച്ചുപിടിക്കാനാവാത്ത അവസ്ഥയാണ്. പ്രതിമാസം ഒന്നര ലക്ഷം രൂപ വരെ വരുമാനമാണു കമ്പനികൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ കമ്പനികൾ അവരുടെ ഉടമസ്ഥതയിലുള്ള കാറുകൾക്കാണു ബുക്കിങ് മുൻഗണന കൊടുക്കുന്നതെന്നും നായിക് കുറ്റപ്പെടുത്തി.