India

കുമരകത്തെ ടൂറിസം വികസനത്തിന് 200 കോടി

സംസ്ഥാന സർക്കാർ കുമരകത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ 200 കോ‌ടി രൂപ വരെ ഫണ്ട് അനുവദിക്കാമെന്നു കേന്ദ്രമന്ത്രി അൻഫോൻസ് കണ്ണന്താനത്തിന്‍റെ വാഗ്ദാനം. കുമരകത്തെ മാതൃകാ വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തുന്നതിന്‍റെ ഭാഗമായി നടത്തിയ ആലോചനാ യോഗത്തിലാണ് മന്ത്രിയുടെ വാഗ്ദാനം.

കേരളത്തിലെ ടൂറിസം പ്രവർത്തനങ്ങളിൽ തീരെ തൃപ്തിയില്ല. ഒരു ശുചിമുറി ഉണ്ടാക്കാൻ പോലും വർഷങ്ങളെടുക്കുന്നു. അതു മാറണം. മാസങ്ങൾക്കുള്ളിൽ നടപ്പാക്കാൻ പറ്റുന്നവിധം കുമരകം മാസ്റ്റർ പ്ലാൻ തയാറാക്കുകയാണ് ലക്ഷ്യം. കുമരകത്തിന്‍റെ വികസനം ജനങ്ങളുടെ പങ്കാളിത്തത്തോടെയാണ് വേണ്ടതെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു. വേമ്പനാട് കായലിന്‍റെ തീരത്തുള്ള എല്ലാ പഞ്ചായത്തുകളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തണമെന്ന വിവിധ പഞ്ചായത്തുകളുടെ ആവശ്യം അംഗീകരിക്കുന്നതായി കണ്ണന്താനം അറിയിച്ചു.

വേമ്പനാട്ട് കായലിലെ കയ്യേറ്റം നിരോധിക്കണം, കുമരകത്ത് രാജ്യാന്തര കൺവൻഷൻ സെന്‍റർ, കൊച്ചിയിൽ നിന്നു കുമരകത്തേക്കു സ്പീഡ് ബോട്ട് സർവീസ്, രാത്രി ടൂറിസം, ശാസ്ത്രീയമായ മാലിന്യ നിർമാർജന പദ്ധതികള്‍, മികച്ച റോഡുകൾ, പോള കാരണം ഒഴുക്കുനിലച്ച തോടുകൾ വൃത്തിയാക്കണം, വഞ്ചിവീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്കരിക്കാൻ സംവിധാനം, വേമ്പനാട് കായലിനെ ശുദ്ധമാക്കണം, അയ്മനത്ത് ജലവിഭവ  വകുപ്പിന്‍റെ കൈവശമുള്ള മൂന്നരയേക്കർ സ്ഥലം ഏറ്റെടുത്ത് അതിനു പദ്ധതി തയാറാക്കണം, കുമരകത്തു വാട്ടർ സ്പോർട്സ് അക്കാദമി ആരംഭിക്കണം എന്നിവയായിരുന്നു യോഗത്തിലെ പ്രധാന നിർദേശങ്ങൾ. ഇവയെല്ലാം മന്ത്രി അംഗീകരിച്ചു.

കുമരകത്തെ ടൂറിസം വികസനം നീണ്ടു പോകരുതെന്നും പ്രഖ്യാപിക്കുന്ന പദ്ധതികൾ അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ നടപ്പാക്കണമെന്നും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ടൂറിസം കേന്ദ്രമായ കുമരകത്തെ ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള രണ്ടു ദിവസത്തെ കാംപും ആസൂത്രണ പരിശീലനവും നടത്തുമെന്ന് ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു. കേന്ദ്ര ടൂറിസം സെക്രട്ടറി രശ്മി വർമ, ജോയിന്‍റ് സെക്രട്ടറി സുമൻ ബില്ല, കലക്ടർ ബി.എസ്. തിരുമേനി തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.