Middle East

സന്തോഷദിനത്തില്‍ 100 വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ യാത്ര

അന്താരാഷ്​ട്ര സന്തോഷദിനം ആചരിക്കുന്ന ഈ മാസം​ 20ന്​ ദുബൈ വിമാനത്താവളത്തിലെത്തുന്ന വിനോദസഞ്ചാരികളായ 100 ഭാഗ്യശാലികൾക്ക്​ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) സൗജന്യ ടാക്​സി യാത്ര ലഭ്യമാക്കും. കൂടാതെ ഹാപ്പിനസ്​ ബസ്സുകളിൽ സൗജന്യ ടൂറും ആസ്വദിക്കാം.

പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രക്കാർ, ജീവനക്കാർ, ബസ്​ ഡ്രൈവർമാർ, പരിശോധകർ എന്നിവർക്ക്​ സമ്മാനവും ആർ.ടി.എ നൽകും. ജനങ്ങളിലേക്ക്​ സന്തോഷമെത്തിക്കുന്നതിന്​ ആർ.ടിഎ പ്രതിജ്ഞാബദ്ധമാണെന്ന്​ ഡയറക്​ടർ ജനറല്‍ മതാർ ആൽ തായർ പറഞ്ഞു. ഹത്ത ഡാമിൽ സൗജന്യ ജലയാത്ര, ഗ്ലോബൽ വില്ലേജ്​, ലാമെർ, ദുബൈ പാർകസ്​ റിസോർട്ടസ്​ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്​ ഹാപ്പിനസ്​ ബസ്സുകളിൽ സൗജന്യ യാത്ര എന്നിവ ഇതി​ന്‍റെ ഭാഗമായി ഒരുക്കും.

സ്​മാർട്ട്​ ദുബൈ ഒാഫിസുമായി ചേർന്ന്​ നിശ്ചിത സൗജന്യ നോൽ കാർഡുകൾ മെട്രോ, ട്രാം, ബസ്​, വിമാനത്താവളത്തിലെ ടാക്​സി എന്നിവയിൽ വിതരണം ചെയ്യുമെന്ന്​ കോർപറേറ്റ്​ അഡ്​മിനിസ്​ട്രേറ്റീവ്​ സപ്പോർട്ട്​ സർവിസ്​ സെക്​ടർ സി.ഇ.ഒ യൂസുഫ്​ ആൽ റിദ വ്യക്​തമാക്കി. ബസ്സുകളും ടാക്​സികളും സന്തോഷദിന ലോഗോ പതിച്ച്​ അലങ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.