Food

ഖിഫ് ഭക്ഷ്യമേള ഖത്തറില്‍ തുടങ്ങി

ഖത്തർ ടൂറിസം അതോറിറ്റി (ക്യുടിഎ) സംഘടിപ്പിക്കുന്ന ഒമ്പതാമത് രാജ്യാന്തര ഭക്ഷ്യമേളയ്ക്ക് കോർണിഷിലെ ഹോട്ടൽ പാർക്കിൽ തുടക്കമായി.  പാചക വിദഗ്ധ ആയിഷ അൽ തമീമി, രാജ്യാന്തര പ്രശസ്തനായ അമേരിക്കൻ ഷെഫ് വൂൾഫ്ഗാങ് പക്ക് എന്നിവർ ചേർന്ന് മേള ഉദ്ഘാടനം ചെയ്തു. യുഎസിൽ നിന്നെത്തിയ ജപ്പാൻ വംശജനായ മസഹാരു മോറിമോട്ടോയാണ് മേളയിലെ മറ്റൊരു താരം. 80 കിലോയുള്ള ട്യൂണമൽസ്യം 20 മിനിറ്റിനുള്ളിൽ പാകപ്പെടുത്തി വിളമ്പി മസഹാരു ഭക്ഷണപ്രേമികളുടെ മനം കവര്‍ന്നു.

80,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 178 സ്റ്റാളുകളാണ് ഇത്തവണ വിവിധ നാടുകളിലെ തനതുരുചികൾ ഖത്തറിലെ ഭക്ഷണപ്രേമികൾക്കായി വിളമ്പുന്നത്. സ്റ്റാളുകളുടെ എണ്ണത്തിൽ 36% വർധനയുണ്ട്. പങ്കെടുക്കുന്ന സ്ഥാപനങ്ങളിൽ 14 എണ്ണം പഞ്ചനക്ഷത്ര, ചതുർനക്ഷത്ര ഹോട്ടലുകളാണ്. വിവിധ രാജ്യങ്ങളിലെ ഭക്ഷണങ്ങൾ വിളമ്പുന്ന ചെറുകിട ഭക്ഷ്യശാലകൾക്കും ഇത്തവണ വൻപ്രാധാന്യം നൽകിയിട്ടുണ്ട്. തീൻമേശയിലൂടെ വിവിധ സംസ്കാരങ്ങൾകൂടി പരിചയപ്പെടുത്തുകയാണ് ലക്ഷ്യം.

ഖിഫ്‌ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഭക്ഷ്യമേള 11 ദിവസം നീളും. ഖത്തറിന്‍റെ സാംസ്‌കാരിക വൈവിധ്യവും പാചക പാരമ്പര്യവും ചേര്‍ത്തിണക്കിയാണ്  ഇത്തവണ മേള ആസൂത്രണം ചെയ്‌തിരിക്കുന്നതെന്നു ക്യുടിഎ ഫെസ്‌റ്റിവൽസ്‌ ആൻഡ്‌ ടൂറിസം ഡയറക്‌ടർ മശാൽ ഷഹ്‌ബിക്‌ പറഞ്ഞു. കുവൈത്തില്‍ നിന്നും എത്തിയ മൂന്നു പ്രമുഖ ഷെഫുമാര്‍ നയിക്കുന്ന പാചക ക്ലാസുകളില്‍ സന്ദര്‍ശകര്‍ക്ക് പങ്കെടുക്കാം. മേളയിലേക്കെത്തുന്ന കുട്ടികൾക്ക് ഉല്ലസിക്കാൻ പ്രത്യേക കളിയിടവും ഒരുക്കിയിട്ടുണ്ട്.