Kerala

വൈറലായൊരു മലവെള്ളപാച്ചില്‍:ദൃശ്യം കാണാം

ജീരകപ്പാറയില്‍ നിന്നും ഇരുവഴിഞ്ഞി പുഴയിലേക്ക് മലയില്‍ മഴപെയ്ത് വെള്ളം കുന്നിറങ്ങുന്ന ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്.

കോഴിക്കോടിലെ വിനോദ സഞ്ചാരകേന്ദ്രമായ തുഷാരഗിരിക്ക് സമീപമാണ് ഈ പ്രകൃതി വിരുന്ന് ദൃശ്യമായത്. അങ്ങകലെ ജീരകംപാറ മലയില്‍ മഴപെയ്യുമ്പോള്‍ വെള്ളം പതിയെ കുന്നിറങ്ങുന്ന കാഴ്ചയാണ് കണ്ണിനു വിരുന്നാകുന്നുത്.

ആദ്യ മഴക്ക് ശേഷമുള്ള വെള്ളമാണ് ഇങ്ങനെ പതിയെ താളത്തില്‍ ഒലിച്ചിറങ്ങുന്നത്. മഴക്കാലങ്ങളില്‍ വെള്ളം ഒലിച്ചു പോയിരുന്ന പ്രദേശങ്ങളിലൂടെ തന്നെയാണ് പുതുവെള്ളത്തിന്റേയും പാത. വേനലില്‍ വരണ്ടിരിക്കുന്ന അരുവിയിലേക്ക് മഴവെള്ളം കുന്നിറങ്ങി നിറയുന്ന കാഴ്ച ഒന്നു കാണേണ്ടതു തന്നെയാണ്.

ജീരകം പാറയില്‍ നിന്നും മലയിറങ്ങുന്ന വെള്ളം ചെമ്പുകടവ് പഴയ പാലം വഴി ഒഴുകി ചാലിപ്പുഴയില്‍ ചേരും, അവിടെ നിന്ന് വീണ്ടും ഒഴുകി ഇരുവഴിഞ്ഞി പുഴയിലേക്ക്. താഴ്ന്ന പ്രദേശമായതിനാല്‍ പലപ്പോഴും മഴവെള്ളം കുന്നിറങ്ങുമ്പോള്‍ ചെമ്പുകടവ് പാലം വെള്ളത്തിനടിയിലായിക്കഴിയും. നടപ്പാത മാത്രമായിരുന്ന ചെമ്പുകടവിനെ സ്ലാബിട്ട് ചെറിയ പാലമാക്കി മാറ്റുകയായിരുന്നു. കുന്നിറങ്ങുന്ന വെള്ളത്തിന്റെ വീഡിയോ ചെമ്പുകടവ് പാലത്തില്‍ നിന്നാണ് പകര്‍ത്തിയിരിക്കുന്നത്. വര്‍ഷാ വര്‍ഷങ്ങളില്‍ കയാക്കിങ് നടക്കുന്ന പുലിക്കയവും മഴവെള്ളം ഒഴുകുന്ന പാതയില്‍പ്പെടും.

മലയില്‍ പെയ്ത മഴവെള്ളം ഒലിച്ചിറങ്ങുന്നത് കാത്ത് നിരവധി പേരാണ് സ്ഥലത്ത് എത്തിച്ചേര്‍ന്നത്.ആദ്യമഴക്ക് ശേഷമുള്ള കാഴ്ച എന്നതിനാലും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമെ കാണാന്‍ സാധിക്കു എന്നുള്ളതുകൊണ്ടും ഇതിനായി മണിക്കൂറുകളോളം കാത്തിരുന്നാണ് ഈ ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയത്.