Middle East

ദുബൈ വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്ക് കൂട്ടി

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്ക് വര്‍ധിപ്പിച്ചു. പത്തുവര്‍ഷത്തിനു ശേഷമാണ് വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ്ങിന്‍റെ നിരക്ക് കൂട്ടുന്നത്. ഇതനുസരിച്ച് ആദ്യ മണിക്കൂറിന് അഞ്ച് ദിര്‍ഹത്തില്‍ നിന്നും 10 ദിര്‍ഹം വരെ വര്‍ധന ഉണ്ടായിട്ടുണ്ട്. ദീര്‍ഘകാല ഇക്കോണമി പാര്‍ക്കിങ് (ബി പാര്‍ക്കിങ്) നിരക്ക് ആദ്യമണിക്കൂറിന് 20 ദിര്‍ഹത്തില്‍നിന്ന് 25 ദിര്‍ഹമായി ഉയര്‍ന്നു.

ഹ്രസ്വകാല പ്രീമിയം പാര്‍ക്കിങ്ങിന് (എ പാര്‍ക്കിങ്) ആദ്യമണിക്കൂറില്‍ 30 ദിര്‍ഹം നല്‍കണം. ഇത് മുമ്പ് 20 ദിര്‍ഹമായിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ പാര്‍ക്കിങ്ങിന്‍റെ നിരക്ക് 280 ദിര്‍ഹത്തില്‍നിന്ന് 125 ദിര്‍ഹമായി കുറച്ചിട്ടുമുണ്ട്. അഞ്ചുശതമാനം വാറ്റ് കൂടി ഉള്‍പ്പെട്ടതാണ് നിരക്കുകള്‍. രണ്ടു മണിക്കൂറിന് എ പാര്‍ക്കിങ്ങിന് 40 ദിര്‍ഹവും ബി പാര്‍ക്കിങ്ങിന് 30 ദിര്‍ഹവുമാണ് നിരക്ക്. ഇത് തന്നെ ടെര്‍മിനലിന് അനുസരിച്ച് വ്യത്യാസമുണ്ട്.

ടെര്‍മിനല്‍ മൂന്നിന് എ പാര്‍ക്കിങ് നിരക്കുകളാണ് ബാധകമാവുക. എന്നാല്‍ ബി പാര്‍ക്കിങ്ങില്‍നിന്ന് 10 ദിര്‍ഹം കുറവാണ് ടെര്‍മിനല്‍ രണ്ടിലെ പാര്‍ക്കിങ് നിരക്കുകള്‍. മൂന്ന് മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ എ പാര്‍ക്കിങ്ങില്‍ 55 ദിര്‍ഹവും ബി പാര്‍ക്കിങ്ങില്‍ 35 ദിര്‍ഹവുമാണ് ഈടാക്കുന്നത്. നാലു മണിക്കൂറിനാകട്ടെ ഇത് 65 ദിര്‍ഹവും 45 ദിര്‍ഹവുമാണ്. 24 മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ എ പാര്‍ക്കിങ്ങില്‍ നല്‍കേണ്ടത് 125 ദിര്‍ഹവും ബി പാര്‍ക്കിങ്ങില്‍ 85 ദിര്‍ഹവുമാണ്.

അടുത്തിടെ വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ നവീകരിച്ചിരുന്നു. പാര്‍ക്കിങ്ങിന് പണമടക്കാന്‍ പല സംവിധാനങ്ങള്‍ ഉള്‍പ്പെടെ പുതിയ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. 3500 പാര്‍ക്കിങ് സൗകര്യങ്ങളോടുകൂടി പുതിയ ബഹുനില പാര്‍ക്കിങ് സമുച്ചയം പണിയാനും പദ്ധതിയുണ്ടെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.