Middle East

വികസന പാതയില്‍ ജബല്‍ ജൈസ്

റാസല്‍ഖൈമയിലെ ഏറ്റവും വലിയ കൊടുമുടിയായ ജബല്‍ ജെയ്‌സിലേക്കെത്തുന്ന സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ പുതിയ വികസനപദ്ധതികള്‍ ഒരുക്കുകയാണ് അധികൃതര്‍. റാസല്‍ഖൈമയിലെ പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയില്‍ 20 വാഹനപാര്‍ക്കിങ് കേന്ദ്രങ്ങള്‍, പുതിയ പൊതു ടോയ്‌ലറ്റുകള്‍, ആധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമകേന്ദ്രങ്ങള്‍, മറ്റ് അവശ്യസൗകര്യങ്ങള്‍ തുടങ്ങിയവയാണ് നിര്‍മിക്കുന്നത്.

എമിറേറ്റിലെ ടൂറിസ്റ്റ് പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണിതെന്ന് അഡ്വൈസറി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ ഹമാദി പറഞ്ഞു. ജബല്‍ ജെയ്‌സിന്‍റെ മുകളിലേക്ക് പോകുന്ന 36 കി.മീറ്റര്‍ റോഡിലുള്ള സ്ഥലങ്ങളില്‍ വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കും. സമുദ്രനിരപ്പില്‍നിന്ന് 1680 മീറ്റര്‍ ഉയരമുള്ള ജബല്‍ ജെയ്‌സിലെ ശീതകാലത്തെ താപനില മൈനസ് -2 ഡിഗ്രി വരെ താഴാറുണ്ട്. ഈ സമയത്താണ് കൂടുതല്‍ സന്ദര്‍ശകര്‍ ഇവിടെയെത്തുന്നത്.

രണ്ട് പ്രധാന റോഡുകളുടെ നിര്‍മാണവും പദ്ധതിയിലുണ്ട്. രണ്ടാമത്തെ മൂന്ന് വരി പാതയാണ് മലയുടെ താഴേക്ക് പോകുന്നതിനായി നിര്‍മിക്കുന്നത്. റാക് ടൂറിസം ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശകര്‍ക്കും വാഹനങ്ങള്‍ക്കും ഏറെ ഗുണകരമാവുമെന്ന് അല്‍ ഹമ്മദി പറഞ്ഞു.