Kerala

ചിങ്ങവനം- ചങ്ങനാശ്ശേരി പാതയില്‍ ഉടന്‍ ട്രെയിന്‍ ഓടും

ചിങ്ങവനം-ചങ്ങനാശ്ശേരി റൂട്ടിലെ പുതിയ പാതയിലൂടെ നാലു മാസത്തിനുള്ളില്‍ തീവണ്ടി ഓടിത്തുടങ്ങും. കുറുപ്പന്തറ- ഏറ്റുമാനൂര്‍ റൂട്ടിലും ചങ്ങനാശ്ശേരി -ചിങ്ങവനം റൂട്ടിലും ജൂലായിയില്‍ പരീക്ഷണഓട്ടം നടത്താനാണ് റെയില്‍വേയുടെ തീരുമാനം.

ഓഗസ്റ്റില്‍ ഇരുപാതകളും കമ്മീഷന്‍ ചെയ്യും. ഏറ്റുമാനൂര്‍ -ചിങ്ങവനം വരെയുള്ള ഭാഗത്തെ ഇരട്ടപ്പാതയുടെ പണികള്‍കൂടി പൂര്‍ത്തിയാകാനുണ്ട്. ഈ ഭാഗം 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതികരണം. ഈഭാഗം പൂര്‍ത്തിയാകുന്നതോടെ കോട്ടയം വഴിയുള്ള എറണാകുളം – കായംകുളം പാതയില്‍ ഒരേസമയം രണ്ടു തീവണ്ടികള്‍ക്ക് തടസ്സമില്ലാതെ പോകാന്‍ കഴിയും. സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാത്തതാണു ചിങ്ങവനം – ഏറ്റുമാനൂര്‍ ഭാഗത്തെ പാത ഇരട്ടിപ്പിക്കല്‍ മന്ദഗതിയിലാകുന്നത്.

കോട്ടയം റെയില്‍വേ സ്റ്റേഷന്‍ നവീകരണം, പുതിയ രണ്ടു മേല്‍പ്പാലങ്ങളുടെ നിര്‍മാണം എന്നിവയ്ക്കാണു കൂടുതല്‍ സമയം വേണ്ടത്. നാഗമ്പടം, മുള്ളന്‍കുഴി, തേക്കുപാലം എന്നിവിടങ്ങളില്‍ പാലം നിര്‍മാണം പുരോഗമിക്കുകയാണ്. കഞ്ഞിക്കുഴി, റബര്‍ബോര്‍ഡ് എന്നിവിടങ്ങളിലെ മേല്‍പ്പാലത്തിന്‍റെയും മുട്ടമ്പലം അടിപ്പാതയുടെയും നിര്‍മാണം ഉടന്‍ ആരംഭിക്കും. കോട്ടയം സ്റ്റേഷനില്‍ പുതിയ രണ്ടു പ്ലാറ്റുഫോമുകളും പുതിയ നാലുവരി പാതകളും നിര്‍മിക്കും.

2003-ലാണു പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ തുടങ്ങിയത്.  114 കിലോമീറ്ററില്‍ 78 കിലോമീറ്റര്‍ ഇരട്ടപ്പാത യാഥാര്‍ഥ്യമായി. എറണാകുളം മുതല്‍ കുറുപ്പന്തറ വരെയും കായംകുളം മുതല്‍ മാവേലിക്കര വരെയും നിര്‍മാണം പൂര്‍ത്തിയായി.